കുട്ടനാട് മേഖലയിൽ അശാസ്ത്രീയമായി തുടരുന്ന കീട, കളനാശിനി പ്രയോഗം ജലാശയങ്ങളിലും പരീക്ഷിക്കുന്നു. ഇക്കഴിഞ്ഞ പ്രളയസമയത്ത് ജലാശയങ്ങളിലും മറ്റും അടിഞ്ഞ് കൂടിയ പോളകളും പായലും മറ്റും നശിപ്പിക്കാൻ വൻതോതിൽ ഉപയോഗപ്പെടുത്തിയത് കീട, കള നാശിനികളായിരുന്നു. ഇക്കാരണത്താൽ ജലമലിനീകരണം വൻതോതിൽ വർദ്ധിക്കുകയും ചെയ്തു.
പരമ്പരാഗത ജലസ്രോതസ്സുകളിലടക്കം കീടനാശിനികളുടെ അംശം കാര്യമായി വർദ്ധിച്ചിട്ടുണ്ട്. വെള്ളത്തിന് ദുർഗന്ധവും നിറ വ്യത്യാസവും കുട്ടനാട്ടിൽ പതിവാണ്. കുളിക്കാനോ നനയ്ക്കാനോ ഒരുതുള്ളി വെള്ളം പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. മത്സ്യങ്ങളും ചാകുന്നുണ്ട്. പായൽ വാരാനും കളപറിക്കാനും യന്ത്രവത്കരണം നടപ്പാക്കിയാൽ ഒരുപരിധിവരെ അമിത കളനാശിനി പ്രയോഗം ഒഴിവാക്കാൻ കഴിയും.
ഒരു ഏക്കറിൽ മരുന്ന് തളിച്ച് കള നശിപ്പിക്കാൻ മരുന്ന് വില ഉൾപ്പെടെ 2,000 രൂപയിൽ താഴെയേ ചെലവാകൂ എന്നതിനാലാണ് പലരും ഈ മാര്‍ഗം സ്വീകരിക്കുന്നത്. കീടനാശിനികളുടെ സാന്നിധ്യം മൂലം ക്യാൻസർ അടക്കമുള്ള രോഗങ്ങളും വർധിക്കുകയാണ് ഇവിടെ. ഒരു പഞ്ചായത്തിൽ കുറഞ്ഞത് എട്ട് പേർക്കെങ്കിലും ക്യാൻസർ രോഗമുണ്ടെന്ന് ആരോഗ്യവിഭാഗവും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട കീടനാശിനികളെ വളരെ ലാഘവത്തോടെയാണ് പലരും സമീപിക്കുന്നത്. മുൻപ് പാടശേഖരങ്ങളിലായിരുന്നു പ്രധാനമായും കള, കീടനാശിനിപ്രയോഗം നടത്തി വന്നിരുന്നത്. ഇത് മൂലം മിത്രകീടങ്ങൾ എല്ലാം നശിച്ചു. കൃഷിക്ക് ഗുണകരമായി വർത്തിക്കുന്ന ബാഹ്യ ഘടകങ്ങൾ ഇല്ലാതാക്കി. തുടർച്ചയായുള്ള മരുന്ന് പ്രയോഗം നെൽ ചെടികളിലെ രോഗ പ്രതിരോധ ശേഷിയെ ബാധിച്ചു. മുഞ്ഞ, ഇലകരിച്ചിൽ അടക്കമുള്ള രോഗബാധയും വർദ്ധിച്ചു.
സംസ്ഥാന സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയ എൻഡോസൾഫാൻ അടക്കമുള്ള വീര്യം കൂടിയ മരുന്നുകൾ എങ്ങനെ ഇവിടെ എത്തുന്നുവെന്ന കാര്യം അജ്ഞാതമാണ്. ഇതിന് പിന്നിൽ ലോബികൾ പ്രവർത്തിക്കുന്നതായാണ് വിവരം. കർഷകരെ തെറ്റിദ്ധരിപ്പിച്ച് കീടനാശനികളുടെ പേര് പോലും വെളിപ്പെടുത്താതെ പലരും ഈ ലോബികൾ എത്തിക്കുന്ന മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.
English Summary: Pesticide to remove bark; Water bodies in Kuttanad are getting poisoned
You may like this video also