Site iconSite icon Janayugom Online

സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ കീടനാശിനി പ്രയോഗം കുറയുന്നു

സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി സാന്നിധ്യം കുറയുന്നതായി റിപ്പോർട്ട്. കാർഷിക സർവകലാശാല ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ പരിശോധിച്ച 311 ഭക്ഷ്യ സാമ്പിളുകളിൽ 223 എണ്ണവും കീടനാശിനി വിമുക്തമാണെന്ന് കണ്ടെത്തി. ഇത് 71.70 ശതമാനമാണ്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സേഫ് ടു ഈറ്റ് എന്ന പദ്ധതിയുടെ ഭാഗമായാണ് കാർഷിക സർവകലാശാല റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കീടനാശിനി സാന്നിധ്യം കണ്ടെത്തിയ 88 സാമ്പിളുകളിൽ 52 പച്ചക്കറികളും 11 പഴവർഗങ്ങളും 23 സുഗന്ധവ്യഞ്ജനങ്ങളും രണ്ട് മറ്റ് ഭക്ഷ്യവസ്തുക്കളും ഉൾപ്പെടും. ഇതിന്റെ നിരക്ക് 28.29 ശതമാനമാണ്. ഇക്കോഷോപ്പിൽ നിന്നും ശേഖരിച്ച 92 ശതമാനം പച്ചക്കറികളും കീടനാശിനി വിമുക്തമാണ്.

നാടൻ ജൈവപച്ചക്കറികൾ പൂർണമായും കീടനാശിനി പ്രയോഗിക്കാതെയാണ് മാർക്കറ്റുകളിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊതു വിപണിയെ കീടനാശിനി മുക്തമാക്കാന്‍ പൂർണമായും സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പഴം, പച്ചക്കറികളിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും കീടനാശിനി സാന്നിധ്യം വളരെ കൂടുതലായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പിളുകളിൽ കർഷകർക്ക് സർക്കാർ ശുപാർശ ചെയ്തിട്ടില്ലാത്ത കീടനാശിനികളും കണ്ടെത്തി. പ്രധാനമായും ക്ലോതയാനിഡിൻ, ഇമിഡാക്ലോപ്രിഡ്, കാർബൻഡാസിം, ഡൈ മെത്തോയെറ്റ്, അസറ്റാമിപ്രിഡ്, അസഫേറ്റ് പോലുള്ള 50 ഓളം നിരോധിത ഉഗ്രവിഷമുള്ള കീടനാശികൾ അടങ്ങിയിട്ടുണ്ടെന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും.

Eng­lish Sum­ma­ry: pes­ti­cides in food samples
You may also like this video

Exit mobile version