Site icon Janayugom Online

മതപരിവര്‍ത്തനത്തിനെതിരായ ഹര്‍ജി: അവഹേളന പരാമര്‍ശങ്ങള്‍ നീക്കണമെന്ന് സുപ്രീം കോടതി

ബിജെപി നേതാവിന്റെ ഹര്‍ജിയില്‍ നിന്ന് മതന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഹാജരായി. ജസ്റ്റിസുമാരായ എം ആര്‍ ഷായും എസ് രവീന്ദ്ര ഭട്ടുമാണ് ഹര്‍ജി പരിഗണിച്ചത്. മറ്റ് മതവിഭാഗങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഹര്‍ജിയിലുണ്ടെന്ന് ദുഷ്യന്ത് ദവെ ചൂണ്ടിക്കാണിച്ചു. ചില മതവിഭാഗങ്ങള്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും തുടര്‍ന്നുപോരുന്നുവെന്നാണ് ബിജെപി നേതാവിന്റെ ഹര്‍ജിയില്‍ പറയുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ സുപ്രീം കോടതിയില്‍ അനുവദിക്കുന്നത് ഭയാനകമായ സൂചനയാണ് നല്‍കുന്നതെന്നും ദവെ വാദിച്ചു. ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. 

ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ 2001ല്‍ 86 ശതമാനമായിരുന്നുവെന്നും 2011 ആയപ്പോള്‍ ഇത് 79 ശതമാനമായി കുറഞ്ഞുവെന്നും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്നും ബിജെപി നേതാവിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

Eng­lish Sum­ma­ry: Peti­tion against con­ver­sion: Supreme Court to remove deroga­to­ry remarks

You may also like this video

Exit mobile version