Site iconSite icon Janayugom Online

ഇസ്രയേലിന് ആയുധം നല്‍കരുതെന്ന് ഹര്‍ജി

israelisrael

ഗാസ ആക്രമണത്തിനായി ഇസ്രയേലിന് ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും കയറ്റി അയയ്ക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും പുതിയ ലൈസന്‍സ് അനുവദിക്കരുതെന്നും കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വഴി പതിനൊന്ന് പേരാണ് ഹര്‍ജി നല്‍കിയത്.

യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്ന രാജ്യങ്ങള്‍ക്ക് സൈനിക ആയുധങ്ങള്‍ നല്‍കരുതെന്ന വിവിധ അന്താരാഷ‍്ട്ര നിയമങ്ങളിലും ഉടമ്പടികളിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. അതിനാല്‍ അന്താരാഷ‍്ട്ര മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇസ്രയേലിന് ആയുധം നല്‍കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കമ്പനികള്‍ ഇസ്രയേലിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് ഭരണഘടനയുടെ അനുഛേദം 14, 21 എന്നിവയുടെയും അന്താരാഷ‍്ട്ര നിയമപ്രകാരമുള്ള ഇന്ത്യയുടെ കടമകളുടെയും ലംഘനമാണെന്നും ഹര്‍ജിക്കാരില്‍ ഒരാളായ അശോക‍് കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടി.
നിലവില്‍ ഇസ്രയേലിന് ആയുധങ്ങളും മറ്റ് സൈനിക സാമഗ്രികളും നല്‍കുന്ന ഇന്ത്യയിലെ വിവിധ കമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും കയറ്റുമതി ലൈസന്‍സ് റദ്ദാക്കണമെന്നും പുതിയ ലൈസന്‍സുകളും അനുമതികളും നല്‍കരുതെന്ന് മാന്‍ഡമസ് റിട്ടിലൂടെ കേന്ദ്രസര്‍ക്കാരിന് ഉത്തരവ് നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

Exit mobile version