Site icon Janayugom Online

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് ക്രൈം ബ്രാഞ്ചാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്നു ഹര്‍ജിയില്‍ അന്വേഷണസംഘം പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ജിന്‍സണ്‍, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു പീച്ചി പൊലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിക്കളയുകയായിരുന്നു. എന്നാല്‍ തുടര്‍അന്വേഷണത്തില്‍ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടുന്നു.

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ദിലീപ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഹൈക്കോടതി ആണ് അന്ന് ഉപാധികളോടെ ജാമ്യം നല്‍കിയത്. കേസിന്റെ വിസ്താരത്തില്‍ സാക്ഷി മൊഴികള്‍ ദിലീപ് അട്ടിമറിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയിരുന്ന ദിലീപിന്റെ സഹോദരന്‍ അനൂപുമായി അഭിഭാഷകന്‍ ബി രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

Eng­lish sum­ma­ry; peti­tion seek­ing can­cel­la­tion of Dileep­’s bail will be con­sid­ered today

You may also like this video;

Exit mobile version