Site icon Janayugom Online

35 ദിവസത്തെ കുതിപ്പിന് ബ്രേക്ക് ;പെട്രോൾ ഡീസൽ വില 20 പൈസ കുറഞ്ഞു

35 ദിവസം നീണ്ട കുതിപ്പിനിന് വിരാമമിട്ട് ഞായറാഴ്ച രാജ്യത്ത് പെട്രോൾ- ഡീസൽ വിലയിൽ നേരിയ കുറവ്. ഡൽഹിയിൽ പെട്രോൾ വില 20 പൈസ കുറഞ്ഞ് 101.64 രൂപയിലെത്തി. ഡീസൽ വില 20 പൈസ കുറഞ്ഞ് 89.07 രൂപയായി.

മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയായിരുന്നു. ഇത് 17 പൈസ കുറഞ്ഞ് 107.66 രൂപയിലെത്തി. ഇന്നലെ 96.84 രൂപയുണ്ടായിരുന്ന ഡീസൽ 20 പൈസ കുറഞ്ഞ് 96.64 രൂപയിലെത്തി. പെട്രോൾ ലിറ്ററിന് 100 രൂപയിൽ കൂടുതൽ വിൽക്കുന്ന രാജ്യത്തെ ആദ്യ മെട്രോപൊളിറ്റൻ നഗരമായി മെയ് 29ന് മുംബൈ മാറിയിരുന്നു.

കൊൽക്കത്തയിൽ പെട്രോളിന് 15 പൈസയും ഡീസലിന് 19 പൈസയും കുറഞ്ഞു. ഒരു ലിറ്റർ പെട്രോളിന് 101.93 രൂപയും ഡീസൽ 92.13 രൂപക്കുമാണ് ലഭിക്കുക. ചെന്നൈയിൽ 15 പൈസ വില കുറച്ച് 99.32 രൂപയ്ക്കാണ് പെട്രോൾ വിൽക്കുന്നത്. ഡീസൽ വില 18 പൈസ കുറഞ്ഞ് 93.66 രൂപയിലെത്തി.

മേയ് നാലിനും ജൂലൈ 17 നും ഇടയിൽ രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 11.44 രൂപയും ഡീസൽ വില 9.14 രൂപയുമാണ് കൂടിയത്. ഈ കാലയളവിലാണ് പെട്രോൾ വില ലിറ്ററിന് 100 രൂപ മറികടന്നത്. ഡൽഹിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) പമ്പുകളുടെ പെട്രോൾ, ഡീസൽ നിരക്കുകൾ മാനദണ്ഡമാക്കിയാണ് രാജ്യമെമ്പാടുമുള്ള പമ്പുകളിലെ വിൽപന. എന്നാൽ സംസ്ഥാന നികുതികളും പ്രാദേശിക നികുതികളും തമ്മിലെ വിത്യാസം കാരണം വിലയിൽ ഒാരോ സംസ്ഥാനത്തും ചെറിയ മാറ്റങ്ങളുണ്ടാകും.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ പെട്രോള്‍ വില റെക്കോഡില്‍ തുടരുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.84 രൂപയാണ് വില. ഡീസലിന് 95.83 രൂപയും. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.59 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.70 രൂപയും. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയിൽ എത്തിയത്.
ENGLISH SUMMARY;Petrol and diesel price drops
YOU MAY ALSO LIKE THIS VIDEO;

Exit mobile version