Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് ലക്ഷ്യം; പെട്രോള്‍-ഡീസല്‍ വില കുറയും

അടുത്ത് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും കഷ്ടി ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തി പെട്രോള്‍-ഡീസല്‍ വില കുറച്ച് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ കേന്ദ്ര സര്‍ക്കാര്‍. വൈകാതെ വില കുറയ്ക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എണ്ണ കമ്പനികള്‍ക്ക് നഷ്ടം നികത്താന്‍ കഴിഞ്ഞ സാഹചര്യത്തിലാണ് വില കുറയ്ക്കുന്നത് എന്നാവും പ്രഖ്യാപിക്കുക. പൊതുമേഖലാ എണ്ണക്കമ്പനികളെ നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് എത്തിച്ച് സ്വകാര്യ മേഖലയ്ക്ക് വിറ്റുതുലയ്ക്കാനുള്ള സര്‍ക്കാരിന്റെ തുടര്‍നടപടിയുടെ ഭാഗം കൂടിയാണ് പെട്രോള്‍-ഡീസല്‍ വിലയില്‍ കുറവുവരുത്താനുള്ള നീക്കം. കുറഞ്ഞ വിലയ്ക്ക് വിറ്റാലും ലാഭം ഉറപ്പെന്ന കാര്യം കോര്‍പറേറ്റുകളെ ബോധ്യപ്പെടുത്താനുള്ള നീക്കമാണ് വിലക്കുറവിലൂടെ ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞ സാഹചര്യമാണുള്ളത്. അതേസമയം ക്രൂഡ് ലഭ്യതയില്‍ ഈ വര്‍ഷം കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. എണ്ണ ഉല്പാദക രാജ്യങ്ങള്‍ (ഒപെക്) ഉല്പാദനത്തില്‍ കുറവു വരുത്തേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. കോവിഡില്‍ രാജ്യത്തെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴും അന്താരാഷ്ട്ര വിപണി ചാഞ്ചാട്ടം, രൂപയുടെ മൂല്യശോഷണം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവാണ് കേന്ദ്രം വരുത്തിയത്. നിലവില്‍ റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ക്രൂഡോയില്‍ ഇന്ത്യക്ക് ലഭിക്കുമ്പോഴും ഉക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ ന്യായീകരിച്ചു. വില നിര്‍ണയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞെങ്കിലും കേന്ദ്ര പൊതുമേഖലാ കമ്പനികളാണ് രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില നിശ്ചയിക്കുക.

ഇതുവഴി ഇന്ധന വിലയില്‍ സര്‍ക്കാരിന് കാര്യമായ പങ്കാണുള്ളത്. റഷ്യന്‍ എണ്ണ വലിയ അളവില്‍ വാങ്ങാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇന്ത്യ എണ്ണ കയറ്റുമതി ചെയ്യുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ആലോചിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പും വരികയാണ്. ഇതാണ് വില കുറയ്ക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതമാക്കിയതെന്നാണ് വിലയിരുത്തല്‍.

Eng­lish Sum­ma­ry: Petrol, diesel prices in India will go down
You may also like this video

Exit mobile version