Site iconSite icon Janayugom Online

കൂട്ടിയതില്‍ ഒരംശം കുറച്ചു

രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 12 സംസ്ഥാനങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില നൂറിന് മുകളിലാണ്. രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പെട്രോള്‍വില 122 രൂപ കടന്നിരുന്നു.

ഇന്ധന വിലയില്‍ റെക്കോഡ് വര്‍ധനവിന് ശേഷമാണ് നികുതി കുറച്ചിരിക്കുന്നത്. ഒക്ടോബറില്‍ പെട്രോള്‍ ലിറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂട്ടിയത്. ഈ വര്‍ഷം ഇതുവരെയുള്ള വില വര്‍ധന പെട്രോളിന് 31 ശതമാനവും ഡീസലിന് 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വര്‍ധിച്ചത്.

ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കാതെ ജനങ്ങളുടെ ചുമലില്‍ അധികഭാരം അടിച്ചേല്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോവിഡ് വ്യാപനം മൂലം നിത്യവൃത്തി നഷ്ടമായവര്‍ക്ക് ഇന്ധന വില വര്‍ധനവ് മൂലമുള്ള വിലക്കയറ്റം വന്‍ തിരിച്ചടിയായിരുന്നു. അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് രാജ്യത്തെ സാധാരണക്കാരനെ വെട്ടിലാക്കി.

കഴിഞ്ഞദിവസം വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപിക്ക് ജനരോഷം തിരിച്ചറിയേണ്ടിവന്നിരുന്നു. ഉല്പാദനം വർധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങൾ അറിയിച്ചതിനാൽ വരുംദിവസങ്ങളിൽ ആഗോളവിപണിയില്‍ വില കുറയില്ലെന്നും ഉറപ്പായി. ഈ സാഹചര്യത്തില്‍ എക്സൈസ് നികുതി കുറയ്ക്കുകയല്ലാതെ കേന്ദ്രത്തിന് മറ്റ് വഴികളില്ലാതെയായി.

ENGLISH SUMMARY: petrol price decreases

YOU MAY ALSO LIKE THIS VIDEO

Exit mobile version