Site iconSite icon Janayugom Online

ഫെെസറിന്റെ കോവിഡ് മരുന്നിന് യുവാക്കളില്‍ ഫലപ്രാപ്തിയില്ല

മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫെെസറിന്റെ കോവിഡ് മരുന്നായ പാക്‌സ്‌ലോവിഡിന് യുവാക്കളില്‍ ഫലപ്രാപ്തി കുറവാണെന്ന് പഠന റിപ്പോര്‍ട്ട്. 18 മുതല്‍ 26 വയസ് വരെ പ്രായമുള്ളവരില്‍ മരുന്നിന് ഫലപ്രാപ്തിയില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഹെെറിസ്ക് വിഭാഗത്തിലുള്ള മുതിര്‍ന്നവരിലെ ഗുരുതരാവസ്ഥ കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു. ഇസ്രയേലില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനം ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചത്.

1,09,000 രോഗബാധിതരിലാണ് പഠനം നടത്തിയത്. 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകൾക്ക്, പാക്‌സ്‌ലോവിഡ് എടുക്കാത്ത അതേ പ്രായത്തിലുള്ള ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 73 ശതമാനവും രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത 79 ശതമാനവും കുറവാണെന്ന് കണ്ടെത്തി. എന്നാൽ 40നും 64നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനോ മരണപ്പെടാനോ ഉള്ള സാധ്യതയിൽ കാര്യമായ കുറവുണ്ടായില്ല.

വയറിളക്കം, പേശിവേദന, രക്തസമ്മർദ്ദത്തിലെ വർധനവ് എന്നിവയുൾപ്പെടെയുള്ള പാർശ്വഫലങ്ങളും പാക്‌സ്‌ലോവിഡിനുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകൾ കാരണം ഉയർന്ന അപകടസാധ്യതയുള്ള മുതിർന്നവർക്കും 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്കുമായി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പാക്‌സ്‌ലോവിഡിന് അംഗീകാരം നൽകിയിരുന്നു. കോവിഡ് വാക്സിന്‍ എടുത്തിട്ടില്ലാത്ത ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികളില്‍ ഫെെസര്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാരുന്നു അംഗീകാരം നല്‍കിയത്.

Eng­lish Sumam­ry: pfiz­er covid drug is not effec­tive in young people
You may also like this video

Exit mobile version