പരാജയം വിജയത്തിന് മുന്നോടിയാണെന്ന് അനീഷ് ഉറപ്പിച്ച് പറയും. കാരണം പരാജിതനായി തല കുനിച്ച് നില്‍ക്കാനല്ല, കരുത്തോടെ കുതിക്കാനായിരുന്നു അനീഷ് പഠിച്ചത്. പരാജയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് എരുമേലിയിലെ തുമരംപാറ എന്ന ആദിവാസി ഗ്രാമത്തിലെ ഗോത്രവിഭാഗമായ ഉള്ളാട സമൂഹത്തില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയരുകയാണ് 30കാരനായ അനീഷ് എ വി.
അനീഷിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ വിദ്യാഭ്യാസം ഏത് ദിശയിലേക്ക് പോവണം എന്ന് വ്യക്തമായി പറഞ്ഞുനല്‍കാന്‍ ആരുമില്ലാത്ത സമൂഹം. എങ്ങനെ പഠിക്കണം, എന്ത് പഠിക്കണമെന്ന അറിവില്ലാത്തിടത്ത് നിന്നാണ് തുടക്കം. പത്രമില്ലാത്ത വീട്ടില്‍ ടാപ്പിങ് തൊഴിലാളിയായ അച്ഛന്‍ ആഞ്ഞിലിമൂട്ടില്‍ വിജയന്‍ പലഹാരം പൊതിഞ്ഞു കൊണ്ടുവന്ന ഒരു പത്രത്താളില്‍ നിന്നാണ് തന്റെ വിഭാഗത്തിന് പഠിക്കാന്‍ ഏറെ അവസരമുണ്ടെന്ന് തിരിച്ചറിയുന്നത്. നിര്‍ധനരായവര്‍ക്കുള്ള വിവിധ സൗജന്യ കോഴ്സുകളെക്കുറിച്ചുള്ള അറിയിപ്പുകള്‍ ശ്രദ്ധിച്ച് വായിച്ചു. പ്ലസ് ടു തോറ്റതിന് ശേഷം മൂന്നുവര്‍ഷത്തോളം നിലച്ചുപോയ പഠനത്തിന്റെ താളം അവിടെ നിന്നും വീണ്ടെടുക്കുകയായിരുന്നു അനീഷ്.
പത്താംക്ലാസ് കഴിഞ്ഞ് കൂട്ടുകാര്‍ കളിയും ചിരിയുമായി നടക്കുമ്പോള്‍ ഹോട്ടലില്‍ പണിയെടുക്കുകയായിരുന്നു അനീഷ്. പ്ലസ് ടു പഠിക്കാന്‍ ആരോ പറഞ്ഞു. വ്യക്തമായ ധാരണയൊന്നുമില്ലാതെ സയന്‍സ് ഗ്രൂപ്പെടുത്തു. പഠനം ബാലികേറാമലയായതോടെ മൂന്നുവട്ടം പരാജയപ്പെട്ടു. ഈ സമയത്താണ് റബ്ബര്‍ ടാപ്പിങ്ങിനു പോവുന്നത്. ദിവസം നാനൂറോളം മരം വെട്ടും. സമയം മിച്ചമായതോടെ സമയം കളയാനായി ഭൂമി പാട്ടത്തിനെടുത്ത് വാഴക്കൃഷി തുടങ്ങി. ഇവിടെ നിന്നാണ് വീണ്ടും പഠനമെന്ന ആശയം തലയില്‍ കയറുന്നത്. പ്ലസ് ടു എഴുതിയെടുത്തു. കാഞ്ഞിരപ്പള്ളി എസ് ഡി കോളജില്‍ നിന്നും ബിഎസ്‍സി ഫിസിക്സ് കഴിഞ്ഞ് എംഎസ്‍സിക്ക് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. പിന്നീട് പിഎസ്‍സി വെരിഫിക്കേഷനായി യൂണിവേഴ്സിറ്റിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോഴാണ് സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എംഎയ്ക്ക് ഒഴിവുള്ള ഒരു സീറ്റിനെക്കുറിച്ച് അറിയുന്നത്. കൂട്ടുകാരുടെ നിര്‍ബന്ധത്താല്‍ അപേക്ഷ നല്‍കി. അങ്ങനെ എംഎ മലയാളത്തിന് അഡ്മിഷന്‍ ലഭിച്ചു. ഇപ്പോള്‍ എം ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ് അനീഷ്. ഗൈഡ് പി എസ് രാധാകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ തന്റെ വിഭാഗമായ ഉള്ളാടര്‍ സമുദായത്തിന്റെ ജീവിതരീതികളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും പ്രബന്ധം തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്.
നാളെ തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നതിന്റെ ആവേശത്തിലാണ് ാനീഷ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ചരിത്ര ഗവേഷക വിദ്യാര്‍ത്ഥി പ്രതിനിധിയായാണ് ക്ഷണം. തിരുവനന്തപുരം ഉദയ ഓഡിറ്റോറിയത്തില്‍ വച്ച് ആദിവാസി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നാനൂറോളം വിദ്യാര്‍ത്ഥി പ്രതിനിധികളുമായി രാഷ്ട്രപതി സംവദിക്കുന്നുണ്ട്. ആലീസാണ് അനീഷിന്റെ മാതാവ്. ഏക സഹോദരന്‍ ബിനീഷ്.
English Summary: phd student anish to meet the president
You may also like this video