Site iconSite icon Janayugom Online

മയക്കുമരുന്നിന് അടിമയാണെന്ന സഹോദരിയുടെ വാദം തള്ളി ഫിലിപ്പീന്‍സ് പ്രസിഡന്റ്

ദീര്‍ഘകാലമായി മയക്കുമരുന്നിന് അടിമയാണെന്ന സഹോദരിയുടെ അവകാശവാദം തള്ളി ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍കോസ് ജൂനിയര്‍. മയക്കുമരുന്നിന്റെ ഉപയോഗം അഴിമതി ഉള്‍പ്പെടെയുള്ള ഭരണവീഴ്ചയ്ക്ക് കാരണമായെന്നായിരുന്നു ഫെര്‍ഡിനാന്‍ഡ് മാര്‍കോസ് ജൂനിയറിന്റെ സഹോദരിയും സെനറ്ററുമായ ഇമി മാര്‍കോസ് പറഞ്ഞത്. ഇമിയുടെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് കമ്യൂണിക്കേഷന്‍ വിഭാഗം അണ്ടര്‍ സെക്രട്ടറി ക്ലാരി കാസ്ട്രോ പറഞ്ഞു. സെനറ്റില്‍ ഇമിയുടെ അനുയായികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന അഴിമതി അന്വേഷണങ്ങള്‍ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇമി നടത്തുന്നതെന്നും അവര്‍ പറഞ്ഞു. 

സെനറ്റര്‍ ഇമി, നിങ്ങള്‍ ഒരു ദേശസ്നേഹിയാണെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങളുടെ സ്വന്തം സഹോദരന്‍ അഴിമതികള്‍ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. എല്ലാവിധ അഴിമതിക്കാരെയും തടയേണ്ടതുണ്ട്. അവരുടെ പക്ഷം ചേരുകയോ മറച്ചുപിടിക്കുകയോ ചെയ്യരുതെന്നും ക്ലാരി കാസ്ട്രോ പറഞ്ഞു. നിലവാരമില്ലാത്തതോ, അപൂർണമോ, നിലവിലില്ലാത്തതോ ആയ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികൾ നിർമ്മിക്കുന്നതിനുള്ള ലാഭകരമായ കരാറുകൾ നേടിയ നിർമ്മാണ കമ്പനികളിൽ നിന്ന് വൻതോതിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നുവന്നതിന് പിന്നാലെ സെനറ്റ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ മാര്‍കോസ് നിയമിച്ച സ്വതന്ത്ര അന്വേഷണ കമ്മിഷന്‍ അന്വേഷണം നടത്തിവരികയാണ്. വന്‍ പ്രളയങ്ങള്‍ക്കും ശക്തമായ ചുഴലിക്കാറ്റിനും സാധ്യതയുള്ള രാജ്യത്ത് ഇത്തരം അഴിമതി നടത്തിയെന്ന ആരോപണം വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അതിന് പിന്നാലെയാണ് പ്രസി‍ഡന്റ് ദീര്‍ഘകാലമായി മയക്കുമരുന്നിന്റെ അടിമയാണെന്ന് കാണിച്ച് പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരി രംഗത്തെത്തിയത്. 

Exit mobile version