Site iconSite icon Janayugom Online

പോളിങ് ബൂത്തിനകത്തെ ഫോട്ടോയെടുപ്പ്: കാൺപൂർ മേയറിനെതിരെ കേസെടുത്തു

PrameelapandePrameelapande

പോളിങ് ബൂത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച കാൺപൂർ മേയർ പ്രമീള പാണ്ഡെയ്ക്കെതിരെ കേസെടുത്തു. കാണ്‍പൂരില്‍ പോളിംഗ് ബൂത്തിനകത്ത് വോട്ട് രേഖപ്പെടുത്തല്‍ നടക്കുന്നതിനിടെയാണ് മേയര്‍ തന്റെ ഫോണില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയത്. യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെയായിരുന്നു സംഭവം.

കാൺപൂരിലെ ഹഡ്‌സൺ സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് പാണ്ഡെ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തവെ ചിത്രീകരിച്ച വീഡിയോ ഇവര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചതായും പൊലീസ് പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റ് അവർക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്.

ഹഡ്‌സൺ സ്‌കൂൾ പോളിംഗ് സ്‌റ്റേഷനിലായിരുന്നു പോളിങ് ബൂത്ത്. സമ്മതിദാന പ്രക്രിയയുടെ രഹസ്യസ്വഭാവം ലംഘിച്ചതിന് പ്രസക്തമായ വകുപ്പുകൾ ചുമത്തി പ്രമീള പാണ്ഡെയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി കാൺപൂർ ജില്ലാ മജിസ്‌ട്രേറ്റ് ട്വിറ്ററിൽ കുറിച്ചു.

ഉത്തർപ്രദേശിലെ 16 ജില്ലകളിലായി 59 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് റൗണ്ടുകളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമാണിത്. 2.15 കോടിയിലധികം ആളുകൾക്ക് വോട്ട് ചെയ്യാൻ അർഹതയുള്ള ഈ ഘട്ടത്തിൽ 627 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

 

Eng­lish Sum­ma­ry: Pho­to tak­en inside the polling booth: A case has been reg­is­tered against the may­or of Kanpur

You may like this video also

Exit mobile version