Site iconSite icon Janayugom Online

ഭൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്‌കാരം ക്വാണ്ടം മെക്കാനിക്സ് രംഗത്തെ നിർണായക കണ്ടെത്തലുകൾക്ക്

2025ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർ പങ്കിട്ടു. ക്വാണ്ടം മെക്കാനിക്സ് രംഗത്തെ നിർണായക കണ്ടെത്തലുകൾക്ക് ജോൺ ക്ലാർക്ക്, മൈക്കൽ എച്ച്. ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഒരു കൈയ്യിലൊതുങ്ങുന്നത്ര വലിപ്പമുള്ള വൈദ്യുതി സർക്യൂട്ടിൽ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും ക്വാണ്ടൈസ്ഡ് ഊർജ്ജ നിലകളും സാധ്യമാണെന്ന് തെളിയിച്ചതിനാണ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ഇവരെ ആദരിച്ചത്. സാധാരണയായി അണുക്കളിലും കണികകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ക്വാണ്ടം പ്രതിഭാസങ്ങൾ, വലിയ സംവിധാനങ്ങളിലും പ്രകടിപ്പിക്കാൻ കഴിയുമെന്ന് ഇവരുടെ കണ്ടെത്തൽ തെളിയിച്ചു. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണമാണ് അംഗീകരം നേടിയത്. ഒക്ടോബർ 6ന് ആരംഭിച്ച 2025ലെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 13ന് അവസാനിക്കും.

Exit mobile version