Site iconSite icon Janayugom Online

കേരളത്തിലും ‘പിക്കിൾ ബോൾ’

ഒറ്റനോട്ടത്തിൽ ടെന്നീസ് കളിയാണെന്ന് തോന്നുമെങ്കിലും ഇത് കളി വേറെയാണ്, പേര് പിക്കിൾ ബോൾ.
ലോകമാകെ വേഗം പ്രചരിക്കുന്ന കളികളിലൊന്നായി മുന്നേറുകയാണ് ഇന്ന് പിക്കിൾബോൾ. ബാഡ്‌മിന്റണ്‍ കോർട്ടുമായി ഏറെ സാമ്യമുള്ള കളത്തിലാണ് മത്സരം നടക്കുന്നത്. ടെന്നീസ് കോർട്ടിലേതിന് സമാനമായി നെറ്റ്, ടേബിൾ ടെന്നിസിൽ ഉപയോഗിക്കുന്നതു പോലുള്ള ബാറ്റ്(പാഡിൽ), അകം പൊള്ളയായ സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ബോൾ എന്നിവയാണ് മത്സരത്തിനായി ഉപയോഗിക്കുന്നത്. ബോളിലെ സുഷിരങ്ങൾക്ക് കൃത്യമായ എണ്ണവും ക്രമീകരിച്ചിട്ടുണ്ടാകും. ബോൾ ഹിറ്റ് ചെയ്യുമ്പോൾ കാറ്റിന്റെ ഗതി മത്സരത്തെ സ്വാധീനിക്കാതിരിക്കാനാണ് ഈ സുഷിരങ്ങൾ. എന്നാൽ പിക്കിൾബോളിന് ടെന്നീസിൽ നിന്നും വ്യത്യസ്തമായി പ്രത്യേക സ്കോറിങ് രീതികളുണ്ട്. നെറ്റിന്റെ ഓരോ വശത്തും 2.1 മീറ്റർ നോൺ‑വോളി സോൺ ഉണ്ട്. അവിടെ നിൽക്കുന്ന കളിക്കാരന് പന്ത് ബൗൺസ് ചെയ്യുന്നതിന് മുമ്പ് അത് അടിക്കാൻ കഴിയില്ല. എല്ലാ സെർവുകളും നടത്തേണ്ട പരിമിതമായ ബൗൺസ്, നോൺ‑വോളി സോണുകൾ, അണ്ടർഹാൻഡ് സ്ട്രോക്ക് എന്നിവ ഗെയിമിന് ഒരു ചലനാത്മക വേഗത നൽകും.
1965ൽ വാഷിങ്ടണിലെ ബെയിൻബ്രിഡ്ജ് ഐലന്റിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിലും വാഷിങ്ണിന്റെ ലെഫ്റ്റനന്റ് ഗവർണറായും സേവനമനുഷ്ഠിച്ച ജോയൽ പ്രിച്ചഡ്, ബിൽബൽ, ബാർണി മക്കല്ലം എന്നിവർ ചേർന്നാണ് പിക്കിൾബോൾ കളിക്കു രൂപം നൽകിയത്. 2005ൽ രൂപീകരിച്ച യുഎസ് പിക്കിൾബോൾ അസോസിയേഷനാണ് മത്സരത്തിനു കൃത്യമായ നിയമങ്ങളും മറ്റുമുണ്ടാക്കിയത്.
2008 മുതൽ ഓൾ ഇന്ത്യ പിക്കിൾബോൾ അസോസിയേഷനാണ്(എഐപിഎ) ഇന്ത്യയൊട്ടാകെ ഈ ഗെയിം പ്രചരിപ്പിക്കുന്നതിനും വളർത്തുന്നതിനും നേതൃത്വം വഹിക്കുന്നത്. അന്താരാഷ്ട്ര പിക്കിൾബോളിന്റെ വളർച്ചയും വികസനവും നിലനിർത്തുന്നതിനായി 2010 ൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പിക്കിൾബോൾ (ഐഎഫ്‌പി) രൂപീകരിച്ചു. യുഎസ്, കാനഡ, സ്പെയിൻ എന്നിവയായിരുന്നു ആദ്യ അംഗ രാജ്യങ്ങൾ, തുടർന്ന് 2012 ൽ ഇന്ത്യയും അംഗമായി. ഇതിനോടകം മറ്റ് രാജ്യങ്ങളിലേക്കും പിക്കിൾ ബോൾ വ്യാപിച്ചു കഴിഞ്ഞു.
ടെന്നീസുമായി സാമ്യമുള്ള കായികമത്സരമായ പിക്കിൾബോളിൽ രാജ്യാന്തര ഭൂപടത്തിൽ ഇടം നേടാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ഇതിനോടകം 25 ഓളം സംസ്ഥാനങ്ങളിൽ പിക്കിൾ ബോൾ പ്രചാരം നേടിയിട്ടുണ്ടെന്ന് ഫെഡറേഷൻ ഓഫ് പിക്കിൾ ബോൾ അസോസിയേഷൻസ് ഓഫ് കേരള പ്രസിഡന്റ് ജേക്കബ് ബിജോ ദാനിയേൽ, സെക്രട്ടറി ജീന എം ജോൺ എന്നിവർ പറഞ്ഞു.
കേരളത്തിൽ അധികം പരിചിതമല്ലാത്തതും എല്ലാ വിഭാഗക്കാർക്കും കളിക്കാവുന്നതുമായ പിക്കിൾ ബോളിനെ കൂടുതൽ ജനകീയമാക്കുവാനായി ഫെഡറേഷൻ ഓഫ് പിക്കിൾ ബോൾ അസോസിയേഷൻസ് ഓഫ് കേരള ആദ്യമായി കേരളത്തിൽ കേരള സ്റ്റേറ്റ് പിക്കിൾ ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 13 മുതൽ കാക്കനാട് പിക്കിൾബോട്സ് ഇൻഡോർ കോർട്ടിലാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറുക. മത്സരഫലം അടിസ്ഥാനമാക്കി കേരള സ്റ്റേറ്റ് ടീമിനെ തെരഞ്ഞെടുക്കുകയും ജമ്മുവിൽ സെ­പ്റ്റംബർ 26 മുതൽ 28 വരെ നടക്കുന്ന ദേശീയ മത്സരത്തിനായി അയക്കുകയും ചെയ്യും.

Exit mobile version