പൈനാപ്പിൾ വിപണിയിൽ തിളങ്ങുന്നു. കേരളത്തിൽ ഏറ്റവും ഡിമാൻഡുള്ള പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 50 രൂപ വരെ വിലയെത്തി. പൈനാപ്പിൾ പച്ചയ്ക്ക് 36 രൂപയും സ്പെഷ്യൽ ഗ്രേഡ് പച്ചയ്ക്ക് 38 രൂപയുമാണ് ഇന്നലെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെ വില. കേരള വിപണിയിലെ വലിയ ഡിമാൻഡും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നതുമാണ് വില കുതിച്ചുയരാൻ കാരണം. കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തതിനാൽ വിപണിയിൽ എത്തുന്നത് കുറഞ്ഞതും കാരണമായി.
നാലു വർഷത്തിനിടെ പൈനാപ്പിളിനു ലഭിക്കുന്ന മികച്ച വിലയാണിത്. പ്രളയവും, കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധികളും മൂലം കിലോഗ്രാമിന് ഏഴു രൂപ വരെയായി കുറഞ്ഞ പൈനാപ്പിൾ എടുക്കാൻ പോലും ആളില്ലാത്ത അവസ്ഥ ഒരുഘട്ടത്തിലുണ്ടായിരുന്നു. നിരവധി ഏക്കർ സ്ഥലത്തെ പൈനാപ്പിൾ വെട്ടിയെടുക്കാൻ പോലും ആളില്ലാതെ നശിക്കുകയും ചെയ്തിരുന്നു. എന്നാൽ അനുകൂല സാഹചര്യം വന്നതോടെ വില കുതിച്ചു കയറി.
മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഡിമാന്റ് ഉയർന്നിട്ടുണ്ട്. ദിവസേന ആയിരം ടണ്ണിൽ അധികം പൈനാപ്പിളാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറി പോകുന്നത്. നൂറു ലോഡ് പൈനാപ്പിൾ വീതം കയറി പോകുവാൻ തുടങ്ങിയതോടെ ആഭ്യന്തര വിപണിയിൽ ഉല്പന്നത്തിന് കുറവു വന്നു തുടങ്ങി. ഇതോടെ ചില്ലറ വിൽപന വില 50 രൂപ മുതൽ 60 രൂപ വരെ എത്തിയിട്ടുണ്ട്.
English Summary: Pineapple prices skyrocket
You may also like this video