Site iconSite icon Janayugom Online

തമിഴ് റിയലിസ്റ്റിക് സിനിമകളുടെ തുടക്കക്കാരൻ; സംവിധായകൻ ജയഭാരതി അന്തരിച്ചു

‘കുടിസൈ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനും എഴുത്തുകാരനുമായ ജയഭാരതി (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ഒമദുരാർ ​ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അന്ത്യം. തമിഴ് സിനിമയിൽ റിയലിസ്റ്റിക് സിനിമകൾ ഒരുക്കിയ സംവിധായകരുടെ തുടക്കക്കാരിൽ ഒരാൾ കൂടിയായിരുന്നു ജയഭാരതി. 2002 ൽ പുറത്തിറങ്ങിയ നൻപ നൻപ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

1979 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം കുടിസൈ പൂർത്തിയാക്കിയത് ക്രൗഡ് ഫണ്ടിങ്ങിലൂടെയായിരുന്നു. മാധ്യമപ്രവർത്തകനായി കരിയർ തുടങ്ങിയ അദ്ദേഹം പിന്നീട് സിനിമയിലെത്തുകയായിരുന്നു. 2010ൽ പുറത്തിറങ്ങിയ ‘പുതിരൻ’ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മികച്ച സിനിമകളൊരുക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കുടിസൈ, ഊമൈ ജനങ്ങൾ, രണ്ടും രണ്ടും അഞ്ച്, ഉച്ചി വെയിൽ, നൻപ നൻപ, കുരുക്ഷേത്രം, പുതിരൻ എന്നീ ചിത്രങ്ങൾ അ​ദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Exit mobile version