Site iconSite icon Janayugom Online

പൈപ്പ് പൊട്ടലും ചോര്‍ച്ചയും: ജല അതോറിറ്റിക്ക് പ്രതിവര്‍ഷ നഷ്ടം 576 കോടി

പൈപ്പ് പൊട്ടലും പൊതുടാപ്പുകളിലെ ചോര്‍ച്ചയും ജലമോഷണവും പതിവാകുമ്പോൾ ജല അതോറിറ്റിക്ക് ഓരോ വർഷവും കോടികളുടെ നഷ്ടം. പ്രതിവര്‍ഷം 576 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായാണ് കണക്കുകള്‍.
പൈപ്പ് പൊട്ടിയും ചോർച്ചയിലൂടെയും പാഴാകുന്ന വെള്ളം ജല അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ 40 ശതമാനം വരും. എല്ലാ വർഷവും 242 പ്ലാന്റുകളിലായി മൊത്തം 2,873.05 എംഎൽഡി വെള്ളം ശുദ്ധീകരിക്കുന്നുണ്ടെന്നും ഇതിനായുള്ള ശരാശരി ഉല്പാദന ചെലവ് 1,438.96 കോടി രൂപയാണെന്നും അധികൃതർ വ്യക്തമാക്കി. വെള്ളം മോഷ്ടിക്കുന്നതാണ് വരുമാനത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നം. ഹോട്ടലുകൾ, ആശുപത്രികൾ, നിർമ്മാണ സൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ ഉപഭോക്താക്കളാണ് പ്രധാനമായും നിയമം ലംഘിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ ഈ വിഷയം ഗൗരവത്തോടെയാണ് കാണുന്നത്.
ചോർച്ച സംഭവിക്കുന്ന പോയിന്റുകളും മറ്റ് കാരണങ്ങളും കണ്ടെത്തി വരുമാനനഷ്ടം സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കാൻ ജല അതോറിറ്റിയോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ പ്രശ്നം പരിഹരിക്കാനുള്ള കർമ്മപദ്ധതി തയാറാക്കും. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തുടർച്ചയായുള്ള പൈപ്പ് പൊട്ടൽ പ്രശ്നവും സർക്കാരിന്റെ മുന്നിലുണ്ട്. ഇതുവരെ 76 തവണയാണ് അമ്പലപ്പുഴ, തകഴി ഭാഗങ്ങളിൽ പൈപ്പ് പൊട്ടിയത്.
അതേസമയം, കേരള ജല അതോറിറ്റിയുടെ ആന്റി തെഫ്റ്റ് സ്ക്വാഡ് പല ജില്ലകളിലും നിർജീവമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2007ലാണ് ജലമോഷണം തടയാൻ സംസ്ഥാനത്തുടനീളം ആന്റി തെഫ്റ്റ് സ്ക്വാഡുകൾ രൂപീകരിച്ചത്.
എയർ വാൽവുകൾക്ക് കേടുപാടുകൾ വരുത്തിയോ മീറ്ററുകൾ കൃത്രിമമായി ഉപയോഗിച്ചോ ആണ് സാധാരണയായി ജലം മോഷ്ടിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ ജലമോഷണം റിപ്പോർട്ട് ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Pipe bursts and leaks: 576 crore annu­al loss to water authority

You may like this video also

YouTube video player
Exit mobile version