Site iconSite icon Janayugom Online

പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം; ഗതാഗത നിയന്ത്രണമേർപ്പെടുത്തി

കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഈ മാസം 5, 6 തിയ്യതികളിൽ ദേശീയപാതയിൽ വാഹനക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൂടാതെ സുരക്ഷ ശക്തമാക്കും. റൂറൽ എസ്‌പി കെ ഇ ബൈജുവിന്റെ നിർദ്ദേശാനുസരണം വടകര ഡിവൈഎസ്‌പി ഹരിപ്രസാദ്, കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖരന്റെയും നേതൃത്വത്തിലായിരിക്കും ക്രമീകരണങ്ങൾ, ക്ഷേത്ര പരിസരങ്ങളിലും മറ്റും സിസിടിവി ക്യാമറകൾ സജ്ജീകരിച്ച് നിരീക്ഷണം നടത്തും. റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 300 ഓളം പൊലീസുകാരാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക, മഫ്ടി, വനിതാ, പിങ്ക് പൊലീസ് നിരീക്ഷണവും ഉണ്ടാവും. 5ന് വലിയവിളക്ക് ദിവസം ദേശീയപാതയിൽ കാലത്ത് 10 മണി മുതൽ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ പാവങ്ങാട് അത്തോളി, ഉള്ളിയേരി, പേരാമ്പ്ര വഴി പയ്യോളിയിൽ കയറണം. 

ചെറിയ വാഹനങ്ങൾ ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയിൽ പ്രവേശിക്കണം, വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി പാവങ്ങാട് വഴി പോകണം, ചെറിയ വാഹനങ്ങൾ മൂടാടിയിൽ നിന്നും ബൈപ്പാസിൽ പ്രവേശിച്ച് ചെങ്ങോട്ടുകാവിൽ കയറണം. വടകരയിൽ നിന്നും, കൊയിലാണ്ടിയിലേക്ക് വരുന്ന ലൈൻബസ്സുകൾ കൊല്ലം ചിറയ്ക്ക് സമീപം നിർത്തി തിരിച്ച് പോകണം, കൊയിലാണ്ടിഭാഗത്തു നിന്നുള്ള ബസ്സുകൾ കൊല്ലം പെട്രാൾ പമ്പിൽ നിർത്തി തിരിച്ച് പോകണം. 6ന് വൈകന്നേരം 2 മണി മുതൽ രാത്രി 10 മണി വരെ തലേദിവസത്തെ രീതിയിലാണ് ട്രാഫിക്ക് ക്രമീകരിച്ചതെന്ന് പൊലീസ് അധികൃതർ അറിയിച്ചു.

Exit mobile version