Site iconSite icon Janayugom Online

ചങ്ങാത്ത മുതലാളിത്തത്തിന്റെ ചതിക്കുഴികള്‍

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ, ചങ്ങാത്ത മുതലാളിത്ത നയങ്ങള്‍ക്കെതിരെ സിപിഐ ഡിസംബര്‍ 10ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ്. എന്താണ് ചങ്ങാത്ത മുതലാളിത്തം അഥവാ ക്രോണി കാപ്പിറ്റലിസം? ടൈം മാസികയുടെ ബിസിനസ് പേജിന്റെ എഡിറ്ററായിരുന്ന ജോര്‍ജ് എം ടാബറാണ് ഈ വാക്ക് 1980ല്‍ ഫെര്‍‍ഡിനാന്റോ മാര്‍ക്കോസ് എന്ന ഏകാധിപതിയുടെ കീഴില്‍ ഫിലിപ്പൈന്‍സിലെ സാമ്പത്തിക രംഗത്തെ വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ചത്. 

ചങ്ങാത്ത മുതലാളിത്തം എന്നത്, ഏറ്റവും ലളിതമായ വാക്കുകളില്‍ പറ‍ഞ്ഞാല്‍ ബിസിനസുകാരോ വ്യവസായികളോ ആയ വ്യക്തികളും സ്ഥാപനങ്ങളും ഭരണകൂടവുമായുള്ള അവിഹിതമായ കൂട്ടുകെട്ടിലൂടെ ആ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നേട്ടമുണ്ടാക്കുക എന്നതാണ്. ഉദാഹരണമായി ഇവരുടെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് വഴിവിട്ട ഗ്രാന്റുകള്‍, നിയമവിധേയമല്ലാത്ത നികുതി ഇളവുകള്‍, രാജ്യത്തിന്റെ പൊതുമുതലുകള്‍ക്കുമേല്‍ ഇവര്‍ക്ക് അധികാരം (പെട്രോളിയം, കല്‍ക്കരി, പൊതു വ്യവസായ ശാലകള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍ തുടങ്ങിയവ വിട്ടുനല്‍കുക), സര്‍ക്കാരില്‍ നിന്ന് നേരിട്ട് കുത്തക ലൈസന്‍സുകളും പെര്‍മിറ്റുകളും കരാറുകളും നിയമങ്ങള്‍ മറികടന്ന് നേടിയെടുക്കുക. ഈ വിധത്തിലെല്ലാം രാജ്യത്തിന്റെ പൊതുമുതല്‍ കവര്‍ച്ച ചെയ്ത് കൊഴുത്തുവളരാന്‍ ചില വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതും അതുവഴി ആ വ്യക്തികള്‍ കവര്‍ന്നെടുക്കുന്ന രാഷ്ട്രത്തിന്റെ പൊതുമുതലില്‍ ഒരു പങ്ക് ഉപയോഗിച്ച് അവരുടെ പിണിയാളുകളുടെ ഭരണകൂടം നിലനിര്‍ത്തുന്നതുമാണ് ചങ്ങാത്ത മുതലാളിത്ത വ്യവസ്ഥിതി.
പരമ്പരാഗതമായ മുതലാളിത്ത വ്യവസ്ഥിതിയുടെ ഏറ്റവും ഹീനമായ ജനിതകമാറ്റം വന്ന വൈറസിനെപ്പോലെ അപകടകാരിയായ ഒരു പുതിയ മുതലാളിത്ത വ്യവസ്ഥിതിയാണ് ചങ്ങാത്ത മുതലാളിത്തം. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ മുതല്‍ ലോകത്തെ അനേകം രാജ്യങ്ങളിലെ ജനങ്ങളെ കൊടും പട്ടിണിയുടെയും ആഭ്യന്തര കലാപങ്ങളുടെയും നീര്‍ച്ചുഴിയിലേക്ക് വലിച്ചെറിയുന്നത് ചങ്ങാത്ത മുതലാളിത്തമാണ്. 

അഡോള്‍ഫ് ഹിറ്റ്ലറുടെ ഭരണകാലത്തെ നാസി ജര്‍മ്മനിയില്‍ നമുക്ക് ചങ്ങാത്ത മുതലാളിത്തത്തിന്റെ ആരംഭം കാണാവുന്നതാണ്. ഭരണകൂടവും ബിസിനസുകാരും വ്യവസായികളും മതതീവ്രവാദവും തമ്മില്‍ ഏറ്റവും നികൃഷ്ടമായ പാരസ്പര്യം ആധുനിക ലോകത്ത് ആദ്യമായി നമ്മള്‍ കാണുന്നത് നാസി ജര്‍മ്മനിയിലാണ്. ഒന്നാം ലോക മഹായുദ്ധംതന്നെ കോളനികളിലെ കച്ചവടാധിപത്യത്തിനുവേണ്ടി ബ്രിട്ടനും ഫ്രാന്‍സും ഒരു ഭാഗത്തും ജര്‍മ്മനി മറുവശത്തുമായി നടന്ന കച്ചവട മത്സരത്തിന്റെ ഉപോല്പന്നമായിരുന്നു എന്ന് കാണാവുന്നതാണ്. ആസ്ത്രിയന്‍ ആര്‍ച്ച് ഡ്യൂക്കിനെ വധിച്ചതും വംശീയ സംഘര്‍ഷങ്ങളുമെല്ലാം യുദ്ധത്തിന് ആക്കംകൂട്ടി എന്നു മാത്രം.
ഒന്നാം ലോക മഹായുദ്ധത്തിനുശേഷമുള്ള ജര്‍മ്മനിയില്‍ 1918നുശേഷം നിലവില്‍ വന്ന വെയ്‌മര്‍ ഭരണകൂടത്തിന്റെ ദൗര്‍ബല്യം മുതലെടുത്തുകൊണ്ടാണ് ഹിറ്റ്ലര്‍ എന്ന കോമാളി വേഷക്കാരന്‍ നാസി പാര്‍ട്ടി എന്ന ഒട്ടും ആള്‍ബലമില്ലാത്ത പാര്‍ട്ടിയുമായി രാഷ്ട്രീയ രംഗത്തെത്തുന്നത്. നമ്മള്‍ എന്നും ഓര്‍ത്തിരിക്കേണ്ട പ്രധാനകാര്യം നാസി പാര്‍ട്ടിയുടെയും അഡോള്‍ഫ് ഹിറ്റ്ലറുടെയും ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയം 1932ല്‍ വെറും 32ശതമാനം വോട്ട് മാത്രം നേടിയുള്ളതാണ് എന്നതാണ്. ജര്‍മ്മനിയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായിരുന്ന ജര്‍മ്മന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൂടിച്ചേര്‍ന്നാല്‍ നാസികളെക്കാള്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷവുമുണ്ടായിരുന്നു. എന്നാല്‍ ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനു പകരം ഹിറ്റ്ലര്‍ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഒട്ടൊരു തമാശപോലെ അവര്‍ നോക്കിനിന്നു. 

1933ജനുവരി 30ന് നാസി ഗുണ്ടകള്‍ തെരുവില്‍ അഴിഞ്ഞാടി, ബെര്‍ലിന്‍ നഗരത്തിലേക്കുള്ള തീവണ്ടികള്‍പോലും ഉപരോധിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് പ്രസിഡന്റ് ഹിന്‍ഡന്‍ ബര്‍ഗ്, ഹിറ്റ്ലറെ ചാന്‍സലറായി അവരോധിച്ചത്. ഹിറ്റ്ലര്‍ അധികാരത്തില്‍ വന്ന് കൃത്യം നാലാഴ്ചക്കകം 1933ഫെബ്രുവരി 27ന് ബെര്‍ലിനിലെ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു. അത് കമ്മ്യൂണിസ്റ്റുകളുടെ മേല്‍ ആരോപിച്ച് വ്യാപകമായ കമ്മ്യൂണിസ്റ്റ് വേട്ട നടന്നു. ജര്‍മ്മന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് മെമ്പര്‍മാരില്‍ ഭൂരിഭാഗത്തെയും അറസ്റ്റ് ചെയ്തു. ഇങ്ങനെ പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്ത് പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റിന്റെ എല്ലാ അധികാരങ്ങളും ഹിറ്റ്ലര്‍ പിടിച്ചെടുത്തു. 1945 മേയ് എട്ടിന് സോവിയറ്റ് യൂണിയന്റെ ചെമ്പട നാസികളെ തുത്തെറിഞ്ഞ് ജര്‍മ്മനിയെ സ്വതന്ത്രമാക്കുന്നതുവരെ ജര്‍മ്മനിയിലെ സാധാരണ ജനങ്ങള്‍ അവര്‍ണനീയമായ ദുരിതമാണ് അനുഭവിച്ചത്. 

വിഷയത്തിലേക്ക് തിരിച്ചുവന്നാല്‍ നാസി ജര്‍മ്മനിയിലെ പ്രധാന സഭയായിരുന്ന ജര്‍മ്മന്‍ ഇവാഞ്ചലിക് സഭയും ജര്‍മ്മനിയിലെ വ്യവസായികളുമാണ് ഹിറ്റ്ലറെ ആളും അര്‍ത്ഥവും നല്‍കി പിന്തുണച്ചത്. നാസികള്‍ അധികാരത്തില്‍ വന്നതോടെ ജര്‍മ്മന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് നാസികളെ അനുകൂലിച്ചു. ജര്‍മ്മന്‍ വ്യവസായികള്‍ നാസികളുടെ ഗുണ്ടാപ്പട വളര്‍ത്താന്‍ പണം നല്‍കി. പകരമായി ഹിറ്റ്ലര്‍ അവരുടെ വ്യവസായശാലകളിലേക്ക് അന്ന് ഏറ്റവും ആവശ്യമായിരുന്ന മനുഷ്യവിഭവശക്തി സൗജന്യമായി നല്‍കി. തടങ്കല്‍പ്പാളയങ്ങളിലേക്ക് കൊണ്ടുവന്ന നിസഹായരായ മനുഷ്യരില്‍ ജോലി ചെയ്യാന്‍ കെല്പുള്ളവരെയെല്ലാം മരണം വരെ ഭക്ഷണം പോലും കിട്ടാതെ ജോലി ചെയ്യാന്‍ ജര്‍മ്മനിയിലെ സ്വകാര്യ മുതലാളിമാരുടെ ഫാക്ടറികളിലേക്കയച്ചു. നാസി ജര്‍മ്മനിയിലെ വ്യവസായശാലകള്‍ വളര്‍ന്നത് ഈ അടിമകളുടെ ചോര ഊറ്റിക്കുടിച്ചാണ്. ഈ ക്രൂരതക്ക് മതം കൂട്ടുനില്‍ക്കുകയും ചെയ്തു. വ്യക്തമായ ചങ്ങാത്ത മുതലാളിത്തത്തിന്റെ തുടക്കം ഇങ്ങനെ നമുക്ക് നാസി ജര്‍മ്മനിയില്‍ കാണാവുന്നതാണ്. ഹിറ്റ്ലര്‍ എന്ന കോമാളിയെ അധികാരത്തിലിരുത്തി, ജനങ്ങള്‍ക്ക് കൊടിയ പീഡനങ്ങളും മഹായുദ്ധത്തിന്റെ കെടുതികളും മാത്രം നല്‍കിയ നാസി ഭരണത്തില്‍ ജര്‍മ്മനിയിലെ ചങ്ങാത്ത മുതലാളിമാര്‍ വളര്‍ന്നു.

1960കളിലാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍, അര്‍ജന്റീന, ചിലി, ബ്രസീല്‍ തുടങ്ങിയ അക്കാലത്തെ സമ്പന്നമായിരുന്ന രാഷ്ട്രങ്ങളില്‍ രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തിലേറ്റി അമേരിക്കന്‍ കോര്‍പറേറ്റുകള്‍ പ്രകൃതിവിഭവങ്ങളും പൊതുസ്വത്തും കൊള്ളയടിച്ചത്. ചിലിയിലെ പ്രസിഡന്റായിരുന്ന അലന്‍ഡെയുടെ വധം ഏറ്റവും വലിയ ഉദാഹരണമാണ്. കൊച്ചു രാജ്യമായ ക്യൂബയിലെ ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മാത്രമാണ് ഉപരോധങ്ങളെയും അട്ടിമറികളെയും അതിജീവിച്ചത്.
ഏഷ്യയിലും യൂറോപ്പിലും ചങ്ങാത്ത മുതലാളിത്തത്തിന്റെ കടന്നുകയറ്റം ഫലപ്രദമായി ചെറുക്കുന്നത് സോവിയറ്റ് യൂണിയന്‍ എന്ന സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ദുരിതമനുഭവിക്കുന്ന ജനതയുടെ പക്ഷത്ത് എന്നും സോവിയറ്റ് യൂണിയന്‍ ശക്തിദുര്‍ഗമായി നിന്നു. എന്നാല്‍ 1991ഡിസംബര്‍ 26ന് സോവിയറ്റ് യൂണിയന്‍ വിവിധ രാജ്യങ്ങളായി വേര്‍തിരിഞ്ഞതോടെ ചങ്ങാത്ത മുതലാളിത്ത ശക്തികളായ കോര്‍പറേറ്റുകള്‍ക്ക് എവിടെയും അവരുടെ പാവ സര്‍ക്കാരുകളെ പ്രതിഷ്ഠിക്കാവുന്ന സ്ഥിതിവിശേഷമുണ്ടായി. അതിനാല്‍ത്തന്നെ 90കള്‍ക്കു ശേഷം ഈ ഏകധ്രുവ ലോകത്ത് എല്ലാ വികസ്വര രാജ്യങ്ങളിലും ഭരണ അസ്ഥിരതയും വംശീയ, വര്‍ഗീയ സംഘര്‍ഷങ്ങളും സൃഷ്ടിച്ച് സ്വന്തം പാവ സര്‍ക്കാരുകളെ അധികാരത്തിലേറ്റി ജനങ്ങളെ കൊള്ളയടിക്കുന്ന പഴയ ഈസ്റ്റിന്ത്യാ കമ്പനിയുടെ ആയിരക്കണക്കിന് പ്രതിരൂപങ്ങളെയാണ് ഇന്ന് സാധാരണ മനുഷ്യര്‍ നേരിടേണ്ടിവരുന്നത്. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം 90കളില്‍ ആരംഭിച്ച സ്വകാര്യവല്‍ക്കരണം 2014ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എല്ലാ സീമകളും ലംഘിച്ചു. പൊതുസ്വത്തുക്കള്‍ യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്നതാണ് കാണുന്നത്. രാജ്യത്തിന്റെ പ്രധാന തൊഴില്‍ സ്രോതസായ ചെറുകിട — സൂക്ഷ്മ വ്യവസായങ്ങള്‍, കൃഷി, അസംഘടിത തൊഴില്‍ മേഖല ഇവയുടെയെല്ലാം നട്ടെല്ലൊടിച്ച 2016ലെ നോട്ടുനിരോധനം, അശാസ്ത്രീയമായി ജിഎസ്‌ടി നടപ്പിലാക്കല്‍, കുത്തകകള്‍ക്ക് നല്‍കിയ നികുതി ഇളവുകള്‍, ശതകോടീശ്വരന്മാരുടെ വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയവ ഉദാഹരണം. 1,70,000കോടി രൂപയാണ് 2024ല്‍ മാത്രം കുത്തകകളുടെ വായ്പ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്. അതേസമയം ദിവസത്തില്‍ വെറും 27രൂപ മാത്രം ശരാശരി വരുമാനമുള്ള രാജ്യത്തെ കര്‍ഷകന്റെ നാമമാത്രമായ വായ്പകളുടെ പേരില്‍ അവന്റെ കിടപ്പാടം ഇതേ ബാങ്കുകള്‍ ജപ്തി ചെയ്യുന്നു. 

വര്‍ഷത്തില്‍ രണ്ടുകോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രസംഗിച്ച് അധികാരത്തിലേറിയ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ 2017–18ല്‍ 6.1ശതമാനമായും 2020ഏപ്രില്‍-ജൂണ്‍ കാലത്ത് 20.8ശതമാനമായും ഉയര്‍ന്നതായി വിവിധ സര്‍വേകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വതന്ത്ര ഇന്ത്യയിലൂടെ ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കില്‍ 2023ഡിസംബറിലെ കണക്കനുസരിച്ച് കഴിഞ്ഞ 10വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 85ശതമാനം വളര്‍ന്നു. രാജ്യത്തെ സമ്പത്തിന്റെ 90ശതമാനത്തോളം വെറും നൂറു ശതകോടീശ്വരന്മാരിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. ആ സമ്പത്തിന്റെ 80ശതമാനം വെറും 10 പേരിലേക്കും. ചങ്ങാത്ത മുതലാളിത്തം നമ്മുടെ രാജ്യത്തെയും പൂര്‍ണമായി ഗ്രസിക്കുന്നതിന് മുമ്പ് ജനങ്ങളുടെ ചെറുത്തുനില്പിന് ഈ വരുന്ന ഡിസംബര്‍ 10 നാന്ദി കുറിക്കുകയാണ്. 

Exit mobile version