Site iconSite icon Janayugom Online

കുനാല്‍ കമ്രയുടെ ഗാനം പാടാന്‍ പദ്ധതി: അധ്യാപകന് സസ്പെന്‍ഷന്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡയെ വഞ്ചകന്‍ എന്ന് പരിഹസിച്ചുകൊണ്ടുള്ള സ്റ്റാന്‍ഡപ്പ് കോമഡിയന്‍ കുമാല്‍ കമ്രയുടെ ഗാനം അവതരിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് സസ്പെന്‍ഷന്‍. കോലാപൂർ മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന സ്കൂളിലെ അധ്യാപകനും നിർദ്ദിഷ്ട ശക്തിപീഠ് എക്സ്പ്രസ് വേ പദ്ധതിയെ എതിർക്കുന്ന കർഷക സംഘത്തിന്റെ തലവനുമായ ഗിരീഷ് ഫോണ്ടെയ്ക്കെതിരെയാണ് നടപടി. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കോലാപൂര്‍ സന്ദർശിക്കുന്ന വേളയിൽ പ്രതിഷേധസൂചകമായി കുനാൽ കമ്രയുടെ വിവാദ ആക്ഷേപഹാസ്യ ഗാനം പാടുമെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ ഇടപെട്ട് ഫോണ്ടെയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. 

അതേസമയം തന്റെ പരിപാടികള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ബുക്ക് മൈഷോ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹം അവരോട് സ്ഥിരീകരണം തേടി. മുംബൈ ആസ്ഥാനമാക്കിയാണ് ബുക്ക് മൈ ഷോയുടെ പ്രവര്‍ത്തനം. കുനാല്‍ കമ്രയുടെ പരിപാടികള്‍ കാണിക്കരുതെന്ന് ശിവസേന യുവ നേതാവ് റഹൂല്‍ എന്‍ കനാല്‍ ബുക്ക് മൈഷോയ്ക്ക് കത്തയച്ചിരുന്നു. കുനാല്‍ കമ്രയ്ക്കെതിരെ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് തവണ സമന്‍സ് അയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. പൊലീസ് അദ്ദേഹത്തിന്റെ മുംബൈയിലെ വീട്ടിലെത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി കമ്രക്ക് അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. 

Exit mobile version