Site iconSite icon Janayugom Online

നേപ്പാളില്‍ വിമാനം തകര്‍ന്ന് വീണ് അപകടം; 18 മരണം

നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ 18 പേര്‍ മരിച്ചു. പൈലറ്റിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ശൗര്യ എയർലൈൻസിന്റെ ബൊംബാർഡിയർ സിആര്‍ജെ-200 വിമാനം ത്രിഭുവന്‍ വിമാനത്താവളത്തിന്റെ കിഴക്ക് ഭാഗത്ത് തകര്‍ന്നുവീണത്. വിമാനം കാഠ്മണ്ഡുവിൽ നിന്ന് പൊഖ്റയിലേക്ക് പോകുകയായിരുന്നു.

വിമാന കമ്പനി ജീവനക്കാരും ഉള്‍പ്പെടെ 19 പേരായിരുന്നു യാത്രക്കാര്‍. മരിച്ചവരില്‍ ഒരു യെമന്‍ പൗരനും ഉള്‍പ്പെടുന്നു. പറന്നുയരുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയും തീപിടിക്കുകയായിരുന്നു. വിമാനത്തിന് തീ പിടിച്ച് തകര്‍ന്നുവീഴുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. 15 പേര്‍ സംഭവസ്ഥലത്തുവച്ചും മൂന്നുപേര്‍ ആശുപത്രിയിലും മരിച്ചതായി പൊലീസ് അറിയിച്ചു. കോ-പൈലറ്റ് എസ് കടുവാലും ഒരു നേപ്പാളി വനിതയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പൈലറ്റ് മനീഷ് ശാക്യയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. അപകടനില തരണം ചെയ്തതായി കാഠ്മണ്ഡു മോഡല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

അപകടത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസപ്പെട്ടു. മൂന്ന് ബൊംബാർഡിയർ സിആര്‍ജെ-200 ജെറ്റുകളാണ് ശൗര്യ എയർലൈൻസിനുള്ളത്. നേപ്പാളിലെ അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. 2023 ജനുവരിയിൽ യെതി എയർലൈൻസ് വിമാനം പൊഖ്റയില്‍ തകർന്ന് വീണിരുന്നു. അപകടത്തിൽ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 72 പേരാണ് മരിച്ചത്.

Eng­lish Sum­ma­ry: Plane crash in Nepal 18 death

You may also like this video

Exit mobile version