Site iconSite icon Janayugom Online

30 ദിവസ കാലാവധിയില്‍ പ്ലാനുകള്‍ നല്‍കണം: ട്രായ്

ഉപയോക്താക്കള്‍ക്കായി 30 ദിവസത്തെ കാലാവധി നല്‍കുന്ന പ്ലാനുകള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് ടെലികോം കമ്പനികളോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആവശ്യപ്പെട്ടു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികളോടാണ് 30 ദിവസത്തെ വാലിഡിറ്റി കാലയളവ് നല്‍കുന്ന ഒരു താരിഫ് പ്ലാനെങ്കിലും അവതരിപ്പിക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. 1999 ലെ ടെലി കമ്മ്യൂണിക്കേഷന്‍ ഓര്‍ഡറില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ട്രായ് നടപടി.

ഓരോ കമ്പനികളും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചറും ഒരു പ്രത്യേക താരിഫ് വൗച്ചറും ഒരു കോംബോ വൗച്ചറും 30 ദിവസത്തെ കാലാവധിയില്‍ നല്‍കണമെന്നാണ് ട്രായ് നിര്‍ദേശം. ഇവ എല്ലാ മാസവും ഒരേ തിയതിയില്‍ പുതുക്കാന്‍ സാധിക്കുന്നവ ആയിരിക്കണം. പുതിയ പ്ലാനുകള്‍ നടപ്പാക്കാന്‍ കമ്പനികള്‍ക്ക് ബില്ലിങ് സംവിധാനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി 60 ദിവസത്തെ സമയവും അനുവദിച്ചു.

നിലവില്‍ എല്ലാ ടെലികോം കമ്പനികളും പ്രതിമാസ പ്ലാന്‍ എന്ന പേരില്‍ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് നല്‍കുന്നത്. ഇതിലൂടെ ഒരു വര്‍ഷത്തില്‍ 13 റീചാര്‍ജുകള്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഇത് ഉപയോക്താക്കളെ വഞ്ചിക്കുന്ന രീതിയാണ്. ഇത് സംബന്ധിച്ച് ഉപയോക്താക്കളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ട്രായ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Plans must be paid with­in 30 days: TRAI

You may like this video also

Exit mobile version