Site icon Janayugom Online

മാംസത്തിനു പകരം സസ്യാധിഷ്ഠിത ‘മാംസം’, ഗോലി സോഡാ മേക്കര്‍, വൈവിധ്യമാര്‍ന്ന പാക്കേജിംഗ് ഉല്‍പ്പന്നങ്ങള്‍… ഫുഡ്‌ടെകിനു തുടക്കമായി

food

അവരതിനെ ഗ്രീന്‍ മീറ്റ് എന്നാണ് വിളിക്കുന്നത്, കാരണം അത് പച്ചമാംസമല്ല. റെഡിറ്റു ഈറ്റ് പെപ്പര്‍ ഗ്രീന്‍മീറ്റും റെഡിറ്റുകുക്ക് മീറ്റ്ലൈക്ക്ചങ്ക്‌സും. കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഗ്രീന്നോവേറ്റീവ് ഫുഡ്സ് പുതുതായി വിപണിയിലെത്തിക്കാന്‍ പോകുന്ന ഉല്‍പ്പന്നങ്ങളാണിവ. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായ ഫുഡ്‌ടെക് കേരളയുടെ 15ാമത് പതിപ്പിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഗ്രീന്നോവേറ്റീവിന്റെ ഈ ഉല്‍പ്പന്നങ്ങള്‍. മാംസത്തിനു പകരമല്ല, മാംസഭക്ഷണം ഇഷ്ടപ്പെടുകയും ആരോഗ്യകാരണങ്ങള്‍ കുറ്റബോധപ്പെടുകയും ചെയ്യുന്നവരെയാണ് ഈ ഉല്‍പ്പന്നങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഒഒയുമായ ധീരജ് മോഹന്‍ പറഞ്ഞു.

സോയ, മറ്റു ചില പയര്‍, പരിപ്പു വര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നുണ്ടാക്കിയതും സാധാരണ മാംസംപോലെത്തന്നെ സ്വാദിഷ്ടവും പോഷകസമൃദ്ധവുമാണ് ഈ ഉല്‍പ്പന്നങ്ങളെന്നും ധീരജ് പറഞ്ഞു. 300, 250 ഗ്രാം പാക്കറ്റുകളില്‍ എത്തിയിരിക്കുന്ന റെഡിറ്റുഈറ്റ് പെപ്പര്‍ ഗ്രീന്‍മീറ്റിന്റെ വില 275 രൂപ, മീറ്റ്ലൈക്ക്ചങ്ക്‌സിന് 230 രൂപ. കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പ്ലാന്റിലുള്ള കമ്പനിയുടെ പൈലറ്റ് പ്ലാന്റിന്റെ പ്രതിദിന ഉല്‍പ്പാദനശേഷി 100 കിലോ. ശീതളപാനീയ ഔട്‌ലെറ്റ് തുടങ്ങാനുള്ള സമ്പൂര്‍ണ ഉപകരണങ്ങളും സേവനങ്ങളുമാണ് ഹൈദ്രാബാദില്‍ നിന്നുള്ള സോഡാഹബ് അവതരിപ്പിക്കുന്നത്.

ഗോലി സോഡാമേക്കര്‍, ഫ്‌ളേവറുകള്‍, ലേബലിംഗ് എന്നിവ ഉള്‍പ്പെടുന്ന പാക്കേജാണ് കമ്പനി അവതരിപ്പിക്കുന്നത്. ഗോലി സോഡാ മേക്കറിന് 3 ലക്ഷത്തിനടുത്താണ് വില. മിനിറ്റില്‍ 6 കുപ്പി ഗോലി സോഡ ഉണ്ടാക്കും. ഇത് ശരാശരി 2025 രൂപയ്ക്ക വില്‍ക്കാനാവുമെന്നാണ് കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ സുരേഷ് ടി പറയുന്നത്. വൈവിധ്യമാര്‍ന്ന പാക്കേജിംഗ് മെഷീനറികളും സേവനങ്ങളുമാണ് പ്രദര്‍ശനത്തിലെ മറ്റൊരാകര്‍ഷണം. ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍ക്കാവശ്യമായ ഇത്തരം ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന 60ലേറെ സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും.

Eng­lish Sum­ma­ry: Plant-based ‘meat’ instead of meat, goli soda mak­er, vari­ety of pack­ag­ing prod­ucts… foodtech kicks off

You may also like this video

Exit mobile version