Site icon Janayugom Online

നേന്ത്രകായ ക്ഷാമം; വിപണിയില്‍ വില ഉയരുന്നു

വിപണിയില്‍ നേന്ത്രക്കായക്ക് ക്ഷാമം നേരിടുന്നത് വില ഉയരാനിടയാക്കുന്നു. ഒരാഴ്ച മുമ്പ് 2000–2400 രൂപയായിരുന്നു നേന്ത്രക്കായ ക്വിന്റലിന് വില. എന്നാല്‍ നിലവില്‍ 3100 രൂപയാണ് വിപണിയിലെ വില. വിപണിയില്‍ ഉത്പ്പന്നം എത്താത്തതാണ് വിലവര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വയനാട്ടിലെ വിളവെടുപ്പ് ഏകദേശം കഴിഞ്ഞ സ്ഥിതിയാണ്. കര്‍ണാടക, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിലെയും വിളവെടുപ്പ് അവസാനിക്കാറായി. ഇതുകൊണ്ട് തന്നെ വിപണയില്‍ എത്തുന്ന ഉല്‍പ്പന്നത്തിന്റെ അളവ് കുറയുകയും വില വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല സീസണും വിലയുയരാന്‍ മറ്റൊരു കാരണമാണ്. ജില്ലയില്‍ ക്വിന്റലിന് 3100 രൂപ ലഭിക്കുമ്പോള്‍ കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 3400 മുതല്‍ 3600 വരെയാണ് വില. അതേസമയം കൃഷിചെലവിന് വരുന്ന തുകയുടെ ഒരംശം ലാഭം പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. വില്‍പ്പന നടത്തിയ ശേഷം മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ് കര്‍ഷകര്‍ക്കുള്ളത്. വാഴ വിത്ത് വാങ്ങല്‍, നടീല്‍, വളപ്രയോഗം, കീടനാശിനി, താങ്ങ് കൊടുക്കല്‍, വെട്ടിക്കൂട്ട് പണികള്‍ എന്നിവക്ക് ശേഷം കുല വെട്ടി കടയിലെത്തുമ്പോഴേക്കും 230 രൂപയുടെ അടുത്താകും ചെലവ്. ഇതിനെല്ലാം പുറമേ വന്യമൃഗങ്ങളുടെ ശല്യം കാരണം ഇത്തവണ നൂറ് കണക്കിന് കൃഷിയിടങ്ങളാണ് നശിച്ചത്. ഓരോ വര്‍ഷവും കൂടുതല്‍ പ്രതീക്ഷയോടെ വിളവിറക്കുന്ന കര്‍ഷന് നഷ്ടങ്ങളുടെ കണക്ക് മാത്രമാണുള്ളത്.

Exit mobile version