ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കബ്ബ് — ബുൾബുൾ കുട്ടികൾ പാതിരാമണൽ ദ്വീപിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. മുഹമ്മ സി എം എസ് എൽ പി സ്കൂളിലെ കുട്ടികൾ പ്രകൃതി അറിയാൻ പരിപാടിയുടെ ഭാഗമായിട്ടാണ് ദ്വീപ് സന്ദർശിച്ചത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ദ്വീപിൽ കുട്ടികൾ മാവിൻ തൈ നടുകയും പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി മെറിറ്റ് ഡേ യും സംഘടിപ്പിച്ചു. വീടിനുചുറ്റുമുള്ള സ്ഥലത്ത് ഫലവൃക്ഷങ്ങളാൽ സമൃദ്ധമായ കാട് പരിപാലിക്കുന്ന പരിസ്ഥിതി പ്രവർത്തകനും വനമിത്ര പുരസ്കാര ജേതാവുമായ കെ വി ദയാലിന്റെ വീട്ടുവളപ്പിൽ ആയിരുന്നു മെറിറ്റ് ഡേ. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എൻ നസീമ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. ചേർത്തല സ്കൗട്ട് ഓഫീസ് ജില്ലാസെക്രട്ടറി ആർ ഹേമലത മുഖ്യസന്ദേശം നൽകി. പരിസ്ഥിതിപ്രവർത്തകൻ രാധാകൃഷ്ണൻ പ്രകൃതി സന്ദേശം നൽകി. ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ ഭരതമ്മാൾ, പ്ലാനിങ് ഡി സി അനിൽ ബി കൃഷ്ണ, ഓഫീസ് അസിസ്റ്റന്റ് സെൽജി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി എം വൈ അന്നമ്മ, സാബു എന്നിവർ സംസാരിച്ചു. കബ് മാസ്റ്റർ മുഹമ്മദ് റാഫി സ്വാഗതവും വി എ ജിനു മോൾ നന്ദിയും പറഞ്ഞു.