Site iconSite icon Janayugom Online

ഡൈവിങ് ചാമ്പ്യനായ പ്ലസ് ടു വിദ്യാർത്ഥി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

സംസ്ഥാന ഡൈവിങ് ചാമ്പ്യനും പ്ലസ് ടു വിദ്യാർത്ഥിയുമായ പതിനേഴുകാരൻ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ബംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർത്ഥിയായിരുന്ന ആര്യൻ മോസസ് വ്യാസ് ആണ് മരിച്ചത്. ഇന്നലെ രാവിലെ സ്‌കൂളിൽ അസംബ്ലി നടക്കുന്നതിനിടെയാണ് റിച്ചാർഡ്‌സ് ടൗണിലെ പോട്ടറി റോഡിലുള്ള സ്കൂളിലെ രണ്ടാം നിലയിൽ നിന്ന് വിദ്യാർത്ഥി വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അപകടമരണമാണ് സംഭവിച്ചതെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ സന്ദേശത്തിലൂടെ അറിയിച്ചു.

മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് മോസസ് കേതൻ എച്ച് വ്യാസ് പൊലീസിൽ പരാതി നൽകി. ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജിബിഎ) റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനാണ് മോസസ് കേതൻ.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പിതാവ് ആര്യനെ സ്കൂളിൽ കൊണ്ടുവിട്ട ശേഷം മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് കുട്ടി കെട്ടിടത്തിൽ നിന്ന് വീണതെന്നാണ് റിപ്പോർട്ട്.

Exit mobile version