Site iconSite icon Janayugom Online

പ്ലസ് വണ്‍; രണ്ടാം അലോട്ട്മെന്റില്‍ 2.43 ലക്ഷം പേര്‍ ഇടം നേടി

ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റിൽ 2,43,155 പേർ ഇടം നേടി. 21,887 പേർ പുതിയതായി അലോട്ട്‌മെന്റ്‌ ലഭിച്ചവരാണ്‌. ഒന്നാം അലോട്ട്‌മെന്റിൽ 1,21,743 പേർ സ്ഥിരപ്രവേശനവും 99,525 പേർ താല്ക്കാലിക പ്രവേശനവും നേടിയിരുന്നു. രണ്ടാം അലോട്ട്‌മെന്റിന്‌ ശേഷം 75,419 സീറ്റുകൾ ഒഴിവുണ്ട്‌. അലോട്ട്‌മെന്റിൽ ഇടംനേടിയവർ നാളെ വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ സ്‌കൂളുകളിൽ പ്രവേശനം നേടണം. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്‌മെന്റ്‌ വിവരങ്ങൾ ലഭ്യമാണ്‌. മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ്‌ ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. താഴ്‌ന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് താല്ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്ന്‌ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. രണ്ടാം അലോട്ട്മെന്റിനോടൊപ്പം കമ്യൂണിറ്റി ക്വാട്ട പ്രവേശനവും നടക്കും. 

മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ (എംആർഎസ്‌) പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. 1,886 പേർ അപേക്ഷിച്ചതിൽ 1,195 പേർക്ക്‌ പ്രവേശനം ലഭിച്ചു. നാളെ വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ പ്രവേശനം നേടണം. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാൽ അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും ഈ ഘട്ടത്തിൽ അപേക്ഷകൾ പുതുക്കി സമർപ്പിക്കാം. 

Exit mobile version