Site iconSite icon Janayugom Online

പ്ലസ് വണ്‍: ഏഴ് ജില്ലകളിൽ 30 ശതമാനം സീറ്റ് വർധനവ്

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ഏഴ് ജില്ലകളില്‍ 30 ശതമാനം സീറ്റ് വര്‍ധനവ് അനുവദിക്കും. പുതിയ അധ്യയനവർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനുമാണ് സീറ്റ് വര്‍ധനവ്. അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിലാണ് മാർജിനൽ സീറ്റ് വർധനവ് അനുവദിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ എല്ലാ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനവും എല്ലാ എയ്ഡഡ് സ്‌കൂളികളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവാണ് അനുവദിക്കുക. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർധിപ്പിക്കുന്നതിന് അനുമതി നൽകും. കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കന്‍ഡറി സ്‌കൂളുകളിൽ 20 ശതമാനവും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കന്‍ഡറി സ്‌കൂളുകളിൽ 20 ശതമാനവുമാണ് മാർജിനൽ സീറ്റ് വർധനവ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർധനവ് ഇല്ല.

2022 — 2023 അധ്യയന വർഷം താല്ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023 — 2024 വർഷം താല്ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി ചേർന്ന 111 ബാച്ചുകളും 2024- 2025 അധ്യയന വർഷം താല്ക്കാലികമായി അനുവദിച്ച 138 ബാച്ചുകളും ഈ വർഷം കൂടി തുടരും. മാർജിനൽ സീറ്റ് വർധനവിലൂടെ 64,040 സീറ്റുകളാണ് ആകെ ലഭ്യമാകുന്നത്. താല്ക്കാലിക ബാച്ചുകളിലൂടെ 17,290 സീറ്റുകളും ലഭ്യമാകും. മാർജിനൽ സീറ്റ് വർധനവിലൂടെയും താല്ക്കാലിക ബാച്ചുകളിലൂടെയും ആകെ 81,330 സീറ്റുകളായിരിക്കും ലഭ്യമാകുക.

പ്ലസ്ടു പരീക്ഷാഫലം 21 ന്

സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷാഫലം 21ന് പ്രസിദ്ധീകരിക്കും. ടാബുലേഷൻ പ്രവൃത്തികൾ നടന്നു വരികയാണെന്നും 14 ന് ബോർഡ് മീറ്റിങ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അന്തിമ അംഗീകാരം നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. 4,13,589 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂണില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version