Site iconSite icon Janayugom Online

പ്ലസ് വൺ പ്രവേശനം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഹർജി പരിഗണിക്കുക.

പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നൽകിയിരുന്നു. എന്നാൽ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

ഇത് സംബന്ധിച്ച് കോടതി ഇന്ന് ഉത്തരവ് ഇറക്കുമെന്നാണ് സൂചന. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത. പക്ഷേ നിർദ്ദേശങ്ങൾ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്ഇയുടെ അഭിഭാഷകൻ പറഞ്ഞു.

പ്ലസ് വൺ പ്രവേശനത്തിനായി കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സിബിഎസ്ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നല്‍കിയത്. പ്രവേശന തീയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ കോടതിയിലെത്തുകയായിരുന്നു.

Eng­lish summary;Plus one admis­sion; The High Court will hear the peti­tion again today

You may also like this video;

 

Exit mobile version