ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 3,16,507 മെറിറ്റ് സീറ്റുകളില്‍ 3,12,908 ലേക്കും അലോട്ട്മെന്റായി. ഇനി 4688 സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മൂന്നാം അലോട്ട്മെന്റില്‍ 87,928 പേർ പുതിയതായി ഇടം പിടിച്ചു. മൂന്നാം അലോട്ട്‌മെന്റിൽ 57,572 പേർക്ക് ഉയർന്ന ഓപ്‌ഷൻ ലഭിച്ചു. ഇതിനു പുറമേ, സ്‌പോർട്‌സ് ക്വാട്ടയിൽ 5,310 പേർക്കും മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ (എംആർഎസ്) 1,170 പേർക്കും അലോട്ട്‌മെന്റായി. സ്‌പോർട്‌സ് ക്വാട്ടയിൽ 2,889 സീറ്റും എംആർഎസുകളിൽ 359 സീറ്റും ഒഴിവുണ്ട്.
മൂന്നാം അലോട്ട്‌മെന്റ് പ്രകാരം ഇന്നു വൈകിട്ട് അഞ്ചു വരെ പ്രവേശനം നേടാം. നാളെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. താല്ക്കാലിക പ്രവേശനത്തിലുള്ളവർക്ക് ഉയർന്ന ഓപ്ഷൻ ഇനി നിലനിർത്താനാകില്ല. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
മെറിറ്റ് മൂന്നാം അലോട്ട്‌മെന്റിനോടൊപ്പം സ്പോർട്ട്സ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള അഡ്‌മിഷൻ, കമ്മ്യൂണിറ്റി, മാനേജ്‌മെന്റ്, അൺഎയ്‌ഡഡ് ക്വാട്ട അഡ്‌മിഷൻ എന്നിവയും നടക്കും. വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹതയുള്ളവർ ഏറ്റവും അനുയോജ്യമായവ തെരഞ്ഞെടുക്കണം. പ്രവേശന നടപടികൾ ഒരേ കാലയളവിൽ ആയതിനാൽ പിന്നീട് മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാനാകില്ല. അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാൽ പ്രവേശനത്തിന് പരിഗണിക്കാത്തവർക്കും അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി സമർപ്പിക്കുന്ന ഒഴുവുകളിലേക്ക് അപേക്ഷ പുതുക്കി നൽകാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള നോട്ടിഫിക്കേഷനും ഒഴിവുകളും മുഖ്യഘട്ടത്തിലെ പ്രവേശനനടപടികൾ പൂർത്തിയായതിനുശേഷം പ്രസിദ്ധീകരിക്കും.
* ജില്ല, ആകെ സീറ്റ്, അലോട്ട്‌മെന്റ് ലഭിച്ചവർ, ഒഴിവുള്ള സീറ്റ് (ബോക്സ് )
1. തിരുവനന്തപുരം — 26142 — 26048 — 94
2. കൊല്ലം — 22411- 22039 — 372
3. പത്തനംതിട്ട — 9911- 9021 — 890
4. ആലപ്പുഴ — 16982 — 16563 — 419
5. കോട്ടയം — 13681 — 13530 — 151
6. ഇടുക്കി — 7731 — 7430 — 301
7. എറണാകുളം — 24524 — 24123 — 401
8. തൃശൂർ — 26228 — 26073 — 155
9. പാലക്കാട് — 27387 — 27063 — 324
10. കോഴിക്കോട് — 31369 — 31349 — 20
11. മലപ്പുറം — 57511 — 57416 — 95
12. വയനാട് — 8990 — 8825 — 165
13. കണ്ണൂർ — 28698 — 28041 — 657
14. കാസർകോട് — 16031 — 15387 — 644
* ആകെ ഒഴിവ് — 4688

