Site iconSite icon Janayugom Online

പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ കേസ്

കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ‑സീനിയർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ലടിച്ചുതെറിപ്പിച്ച സംഭവത്തിൽ 12 സീനിയർ വിദ്യാർത്ഥികളുടെ പേരിൽ കേസ്. ജാമ്യമില്ലാവകുപ്പുപ്രകാരമാണ് കേസെടുത്തത്. ചൊവ്വാഴ്ച പ്ലസ് വൺ വിദ്യാർത്ഥി ഇഷാമിനെ ഇരുപതോളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി. കുന്നുമ്മൽ ഉപജില്ലാ സ്കൂൾകലോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. 

കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർത്ഥികൾ അവരുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ് ചെയ്തതിരുന്നു. ഇതിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്. രണ്ടുദിവസംമുമ്പ് ഇതിന്റെ പേരിൽ സീനിയർ‑ജൂനിയർ വിദ്യാർത്ഥികൾ സ്കൂൾഗ്രൗണ്ടിൽ ഏറ്റുമുട്ടിയിരുന്നു. അധ്യാപകർ ഏറെ പരിശ്രമിച്ചാണ് അന്ന് സംഘർഷം ഒഴിവാക്കിയത്.

പരിക്കേറ്റ ഇഷാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കർശനനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഘട്ടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 14 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സ്കൂളിൽനിന്നും മാറ്റിനിർത്താൻ തീരുമാനിച്ചു. കുറ്റാരോപിതരുടെയും പരാതിക്കാരുടെയും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് അച്ചടക്ക നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. 

Exit mobile version