കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥിനി കയറിയ സംഭവത്തില്‍ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി പൊലീസ്. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ക്ലാസിലെത്തിയതെന്നാണ് കണ്ടെത്തല്‍.
നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിന്റെ സന്തോഷത്തില്‍ കുടുംബ സമേതം ഗോവയിലേക്ക് വിനോദയാത്രക്ക് പോയതായിരുന്നു പെണ്‍കുട്ടി. ഗോവയിലെത്തിയപ്പോഴാണ് പരീക്ഷാഫലം വന്നത്. ആ സമയത്ത് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇതോടെ നാട്ടില്‍ പെണ്‍കുട്ടിയെ അഭിന്ദനിച്ച് ഫ്ളെക്സ് ബോര്‍ഡുകളുമുയര്‍ത്തി.
എന്നാല്‍ തിരികെ നാട്ടിലെത്തി വീണ്ടും ഫലം പരിശോധിച്ചതില്‍ പിഴവ് ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മാനഹാനി ഭയന്ന് പെണ്‍കുട്ടി മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിലെത്തുകയായിരുന്നു. പിന്നീട് ക്ലാസില്‍ നിന്നും സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയുമായിരുന്നു.
രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷലിനെത്തിയ പെണ്‍കുട്ടി സംഭവിച്ച തെറ്റില്‍ മാപ്പ് പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ ഭാവിയെക്കരുതി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.അതേ സമയം സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടരാനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനം.
English Summary: plus two student entered the MBBS class fearing defamation
You may also like this video