Site iconSite icon Janayugom Online

കാമുകന്‍ വന്നില്ല; സഹപാഠി നല്‍കിയ വിഷം കഴി‍ച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

poisonpoison

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയില്‍ സഹപാഠി നല്‍കിയ വിഷം കഴിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. സെഹോര്‍ ജില്ലയിലെ അഷ്ഠ നഗരത്തിലാണ് പതിനാറ് വയസുള്ള വിദ്യാര്‍ത്ഥികള്‍ മരിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരു പെണ്‍കുട്ടി, തന്റെ കാമുകനെ കാണുന്നതിന് ക്ലാസ് കട്ട് ചെയ്ത് വെളിയില്‍ ഇറങ്ങുകയായിരുന്നു. കുട്ടിയുടെ കൂട്ടുകാരായ രണ്ടുപേരും ഒപ്പമിറങ്ങി. സ്കൂളില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോറിലെത്തി, കാമുകന്‍ വരുന്നതിനായി കാത്തുനിന്നു. ഏറെ നാളുകളായി കുട്ടിയുടെ ഫോണ്‍കോളുകള്‍ കാമുകന്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഇയാളെ കാണാന്‍ പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ക്ലാസ് കട്ടുചെയ്ത് എത്തിയതെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അയാള്‍ വന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ പെണ്‍കുട്ടി, അടുത്തുള്ള കടയില്‍ നിന്ന് വിഷം വാങ്ങി വച്ചിരുന്നു. ഇയാള്‍ വരാത്തതിനെത്തുടര്‍ന്ന് പറഞ്ഞതുപോലെ വിഷം കഴിക്കുകയുമായിരുന്നുവെന്നും ചികിത്സയിലുള്ള കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. കുടുംബത്തില്‍ ഗുരുതരമായ പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് രണ്ടാമത്തെ കുട്ടി വിഷം കഴിച്ചത്. ഇവര്‍ രണ്ടുപേരോടുമുള്ള ഇഷ്ടത്തിന്റെ പുറത്താണ് മൂന്നാമത്തെ കുട്ടി വിഷം കഴിച്ചത്. മൂവരെയും സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം ആദ്യം വിഷം കഴിച്ച രണ്ട് പെണ്‍കുട്ടികളെയും രക്ഷപ്പെടുത്താനായില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പെൺകുട്ടികളുടെ മാതാപിതാക്കൾ ഇൻഡോറിൽ എത്തിയിട്ടുണ്ടെന്നും അവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: Plus two stu­dents end trag­i­cal­ly after con­sum­ing poi­son giv­en by their classmate

You may like this video also

Exit mobile version