പിഎം കെയേഴ്സ് പൊതുസ്ഥാപനമല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. ഭരണഘടനയുടെ 12ാം അനുച്ഛേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പ്രകാരമുള്ള പൊതുസ്ഥാപനങ്ങളുടെ പരിധിയില്‍ പിഎം കെയേഴ്സ് ഫണ്ട് ഉള്‍പ്പെടുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഡല്‍ഹി ഹൈക്കോടതിയില്‍ അവകാശപ്പെട്ടു. വിവരാവകാശ നിയമപ്രകാരത്തിന്റെ കീഴില്‍ വരുന്ന പൊതുസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ പിഎം കെയേഴ്സ് ഉള്‍പ്പെടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.
പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നിലയിലാണ് പിഎം കെയേഴ്സ് രൂപീകരിച്ചിരിക്കുന്നതെന്ന് പിഎംഒയിലെ അണ്ടര്‍ സെക്രട്ടറി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ, നേരിട്ടോ അല്ലാതെയോ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു നിയന്ത്രണവുമില്ലെന്നും സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു.
ഭരണഘടനയുടെ 12ാം അനുച്ഛേദ പ്രകാരം പിഎം കെയേഴ്സ് പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സാംയക് ഗാങ്‌വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചീഫ് ജസ്റ്റിസ് സതിഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പേജ് മാത്രമുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ സത്യവാങ്മൂലം നല്‍കിയത്.
രാജ്യസഭാംഗങ്ങളോട് പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ഉപരാഷ്ട്രപതിയുള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ത്ഥിച്ച കാര്യം മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഔദ്യോഗിക ഫണ്ട് എന്ന നിലയിലാണ് ഇത്തരത്തിലുള്ള ഇടപെടലുകള്‍ ചൂണ്ടിക്കാട്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി അധ്യക്ഷനും പ്രതിരോധ, ആഭ്യന്തര, ധന മന്ത്രിമാര്‍ എക്സ് ഒഫിഷ്യോ ട്രസ്റ്റിമാരുമായാണ് പിഎം കെയേഴ്സ് ഫണ്ട് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന സൗകര്യത്തിനുവേണ്ടിയാണ് ഈ രീതിയില്‍ രൂപീകരിച്ചിരിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിന്റെ മാതൃകയിലാണ് പിഎം കെയേഴ്സ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് ദേശീയചിഹ്നവും ഔദ്യോഗിക ഡൊമൈയ്നും ഉപയോഗിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു.
English Summary: PM Cares is not a public institution: Central government will not come under RTI Act
You may also like this video