Site iconSite icon Janayugom Online

ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം പ്രധാനമന്ത്രി ഭയന്നോടി; സര്‍ക്കാര്‍ മറുപടിയില്ലാതെ നന്ദി പ്രമേയം

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയാതെ സര്‍ക്കാര്‍ ഒളിച്ചോടി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിരോധം തീര്‍ത്തതോടെ പ്രതിഷേധം ഭയന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയിലെത്തിയില്ല. അതോടെ 2004ന് ശേഷം ആദ്യമായി രാഷ്ട്രപതിയുടെ പ്രസംഗത്തിന് സര്‍ക്കാര്‍ മറുപടിയില്ലാതെ നന്ദിപ്രമേയം പാസാക്കി. അതസമയം രാജ്യസഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി പതിവ് വാചാടോപങ്ങള്‍ ആവര്‍ത്തിച്ചു. മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ പുസ്തകത്തെപ്പറ്റി സംസാരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള പ്രതിഷേധം കാരണം ലോക്‌സഭ സ്‌തംഭിച്ചിരുന്നു. തുടര്‍ന്നാണ് ചർച്ചയും മറുപടിയും ഇല്ലാതെ നന്ദിപ്രമേയം ലോക്സഭ പാസാക്കിയത്. എന്നാല്‍ ഇതിനുപിന്നാലെ പ്രധാനമന്ത്രി രാജ്യസഭയിലെത്തി മറുപടി പ്രസംഗം നടത്തി. രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രതിപക്ഷം ബഹിഷ്കരിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിരോധം തീര്‍ത്തതോടെ രാവിലെ സമ്മേളിച്ച ലോക്‌സഭ ആദ്യം ഉച്ചവരെയും പിന്നീട് രണ്ടു വരെയും മൂന്നു വരെയും നിര്‍ത്തി. മൂന്നിന് സമ്മേളിച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്നും പിന്തിരിയാന്‍ പ്രതിപക്ഷം തയ്യാറാകാഞ്ഞതോടെ നന്ദിപ്രമേയം ശബ്ദവോട്ടോടെ പാസാക്കി ഇന്നത്തേക്ക് പിരിഞ്ഞു. 

ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാത്ത നിലപാടിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. ലോക്‌സഭയിലെ വിഷയം രാജ്യസഭയില്‍ ഉന്നയിക്കാന്‍ കഴിയില്ലെന്ന ചട്ടം രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടു വന്നെങ്കിലും സഭാ നടപടികളുമായി മുന്നോട്ടു പോകുകയാണുണ്ടായത്. രാജ്യസഭാ നേതാവ് ജെ പി നഡ്ഡ ഇതിനിടെ രാഹുല്‍ ഗാന്ധിയെ ഉന്നംവച്ച് ബുദ്ധിയുറയ്ക്കാത്ത കുട്ടിയുടെ നിര്‍ബന്ധത്തിന് കോണ്‍ഗ്രസ് അടിപ്പെടരുതെന്ന് പരാമര്‍ശം നടത്തിയതോടെ ഭരണ, പ്രതിപക്ഷങ്ങള്‍ രാജ്യസഭയിലും ശക്തമായ വാക്കേറ്റമാണുണ്ടായത്. നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ സഭയില്‍ ഉദ്ധരിക്കാന്‍ ഖാര്‍ഗെ ശ്രമിച്ചെങ്കിലും തടയപ്പെട്ടതോടെ പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ഉച്ചകഴിഞ്ഞ് വീണ്ടും സമ്മേളിച്ച സഭയില്‍ വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ചകള്‍ക്കുള്ള മറുപടി പ്രസംഗത്തിനായി എത്തിയത്. പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി ശക്തമായ പ്രതിഷേധം തീര്‍ക്കുകയും ചെയ്തു. പ്രതിപക്ഷ മുദ്രാവാക്യം വിളികളില്‍ കലുഷിതമായ അന്തരീക്ഷത്തിലാണ് മോഡി പ്രസംഗത്തിന് തുടക്കം കുറിച്ചത്. പ്രസംഗം തുടര്‍ന്ന പ്രധാനമന്ത്രി, ഇതിനിടെ ഖാര്‍ഗെയ്ക്ക് പ്രായം പരിഗണിച്ച് വേണമെങ്കില്‍ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിക്കാമെന്ന് പരിഹസിച്ചു. ഇതോടെ സഭ വീണ്ടും പ്രക്ഷുബ്ധമായി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്കരിച്ച് സഭവിട്ട പ്രതിപക്ഷം പാര്‍ലമെന്റിന്റെ മുഖ്യകവാടമായ മകരദ്വാറില്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസിന്റെ വീഴ്ചകളും ഭരണ പരാജയങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തിയത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയാനും മോഡി മറന്നില്ല. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ സംബന്ധിച്ച വിഷയം ഉള്‍പ്പെടെ പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

Exit mobile version