Site icon Janayugom Online

പിഎം കിസാന്‍ സമ്മാന്‍ നിധി അനര്‍ഹരുടെ കൈകളില്‍

pm kisan

കര്‍ഷകര്‍ക്ക് വര്‍ഷം തോറും 6000 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ മറനീക്കുന്നത് ശതകോടികളുടെ തട്ടിപ്പ്.
പദ്ധതിയില്‍ ലക്ഷക്കണക്കിന് അനര്‍ഹര്‍ കടന്നുകൂടിയതായി കേന്ദ്രസര്‍ക്കാര്‍ തന്നെ സ്ഥിരീകരിക്കുന്നതിനിടയില്‍, ഇത്തരം വീഴ്ചകള്‍ക്കും അതുവഴി ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നതിനും ഇടയാക്കിയത് സര്‍ക്കാരിന്റെ തന്നെ നടപടികളാണെന്നും വ്യക്തമായി.
2019 ഫെബ്രുവരിക്കും 2021 ജൂലൈ 14നും ഇടയില്‍ 11.08 കോടി ഗുണഭോക്താക്കള്‍ക്കായി പദ്ധതിയിലൂടെ നല്‍കിയത് 1.37 ലക്ഷം കോടി രൂപയാണെന്നാണ് പാര്‍ലമെന്റില്‍ കേന്ദ്ര കൃഷി മന്ത്രി അറിയിച്ചത്. ഇതില്‍ 42 ലക്ഷം ഗുണഭോക്താക്കളും അര്‍ഹതയില്ലാത്തവരാണെന്ന് മന്ത്രി തന്നെ വ്യക്തമാക്കുന്നു. 3000 കോടി രൂപയോളമാണ് ഇത്തരത്തില്‍ അനര്‍ഹരുടെ കൈകളിലേക്ക് എത്തിയതെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
രാജ്യത്ത് അസമിലാണ് ഏറ്റവും കൂടുതല്‍ തുക അനര്‍ഹരുടെ കൈകളിലേക്കെത്തിയതെന്നാണ് കണക്കുകള്‍. 8.3 ലക്ഷം പേരില്‍ നിന്നായി 500 കോടി രൂപയാണ് അസമില്‍ തിരിച്ചുപിടിക്കേണ്ടത്. പഞ്ചാബില്‍ 357.9 കോടിയും മഹാരാഷ്ട്രയില്‍ 340.6 കോടിയും തമിഴ്‌നാട്ടില്‍ 258.6 കോടിയുമാണ് പിഎം കിസാന്‍ നിധിയിലൂടെ അനര്‍ഹര്‍ക്കായി അക്കൗണ്ടുകളിലേക്ക് നല്‍കിയിരിക്കുന്നത്.

2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച പദ്ധതിയില്‍, തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി പരമാവധി പേരെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന്റെ ഫലമായാണ് ഗുരുതരമായ വീഴ്ചകള്‍ പദ്ധതിയിലുണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു.
അസമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ വലിയ പ്രതിഷേധങ്ങളുടെ പേരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭീതിയിലായിരുന്നു 2019ല്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം. ഇതേത്തുടര്‍ന്നാണ് ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ പോന്നതെന്ന് പ്രതീക്ഷിക്കപ്പെട്ട പിഎം കിസാന്‍ പദ്ധതിക്ക് വലിയ രീതിയില്‍ പ്രചരണം നല്‍കാനും പരമാവധി പേരെ ഉള്‍പ്പെടുത്താനും ബിജെപി നേതൃത്വം പരിശ്രമിച്ചത്. ക്ഷേമപദ്ധതി തങ്ങളെ രാഷ്ട്രീയമായി സഹായിച്ചുവെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ ഗുണഭോക്താവിനെയും വീടുകളില്‍ ചെന്നുകാണാന്‍ സാധിച്ചുവെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കിയതായി സ്ക്രോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ പേരെ പദ്ധതിയില്‍ ചേര്‍ക്കാന്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് പിഴവുകള്‍ക്ക് സാധ്യത വര്‍ധിച്ചതെന്ന് അസമിലെ വിവിധ പ്രദേശങ്ങളിലെ കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തിപ്പുകാരും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരും അഭിപ്രായപ്പെട്ടു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേരെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തിയത് ജില്ലാതലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെയായിരുന്നു. 50,000വും 38,000വും എന്‍ട്രികള്‍ ഓരോ ദിവസവും രേഖപ്പെടുത്തിയെന്നും ഈ സ്ഥലങ്ങളില്‍ പിന്നീട് നടത്തിയ പരിശോധനകളില്‍ ഇവയില്‍ പകുതിയിലധികവും അനര്‍ഹരാണെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: PM Kisan Sam­man Nid­hi in the hands of the undeserving

You may like this video also

Exit mobile version