കാര്‍ഷിക മേഖലയിലെ ഊര്‍ജോല്പാദനത്തിനായി 2019ല്‍ മോഡി സര്‍ക്കാര്‍ ആരംഭിച്ച പിഎം കുസും (പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉഠാന്‍ മഹാഭിയാന്‍) പദ്ധതി ലക്ഷ്യം കൈവരിച്ചില്ല. 10,000 മെഗാവാട്ട് വൈദ്യുതി വികേന്ദ്രീകൃതമായി ഉല്പാദിപ്പിച്ച് കാര്‍ഷിക മേഖലയുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതിയാണ് നാല് വര്‍ഷമായി എങ്ങുമെത്താതെ നീങ്ങുന്നത്. കേവലം 2.56 ശതമാനം വൈദ്യുതിയാണ് ഇതുവരെ ഉല്പാദിപ്പിക്കാനായത്.
എല്ലാ സംസ്ഥാനത്തും പദ്ധതി നടപ്പാക്കാനാണ് മോഡി സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും ആകെ ആറ് സംസ്ഥാനങ്ങളില്‍ മാത്രമാണ് ആരംഭിക്കാന്‍ സാധിച്ചത്. 2026ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് തലതിരിഞ്ഞ നയവും ആസൂത്രണത്തിലെ പിടിപ്പുകേടും കാരണം മുടന്തി നീങ്ങുന്നത്.
കൃഷിഭൂമിയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായി 14 ലക്ഷം സോളാര്‍ പമ്പുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നതായി 35 ലക്ഷം പമ്പുകളും അധികമായി സ്ഥാപിച്ചതൊഴിച്ചാ പ്രവര്‍ത്തനം മുന്നോട്ട് പോയില്ല. കൃഷി ഭൂമിയുടെ സമീപ പ്രദേശങ്ങളിലും വീടുകളുടെ പുരപ്പുറത്തും പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിച്ച് സിംഗിള്‍ ഫേസ് ലൈനില്‍ കടത്തിവിട്ട് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയെന്നാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്.
ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് 7.12 ലക്ഷം പമ്പുകള്‍ മാത്രമാണ് ഇതുവരെ സ്ഥാപിക്കാന്‍ സാധിച്ചത്. 14 ലക്ഷം പമ്പുകള്‍ വേണ്ടിടത്താണ് പകുതി പോലും സ്ഥാപിക്കാന്‍ കഴിയാത്തത്. 10,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതിയില്‍ ഇതുവരെ 256 മെഗാവാട്ട് മാത്രമാണ് ഉല്പാദിപ്പിക്കാന്‍ സാധിച്ചത്. 35 ലക്ഷം പമ്പുകള്‍ വേണ്ടിടത്താണ് 13,562 പമ്പുകള്‍ മാത്രം സ്ഥാപിച്ചത്. ജലലഭ്യത ഉറപ്പ് വരുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് നാല് വര്‍ഷത്തിനുശേഷവും യാഥാര്‍ത്ഥ്യമാകാതെ പാതിവഴിയില്‍ മുടന്തി നീങ്ങുന്നത്. വമ്പന്‍ പ്രഖ്യാപനങ്ങള്‍ മാത്രം അവതരിപ്പിച്ച് ജനങ്ങളുടെ കയ്യടി നേടാനുള്ള ശ്രമം മാത്രമാണ് പിഎം കുസും പദ്ധതിയിലും കേന്ദ്ര സര്‍ക്കാര്‍ കാഴ്ചവച്ചത്. കാലാവസ്ഥാ വ്യതിയാനം, ഉഷ്ണതരംഗം, നിനച്ചിരിക്കാതെയുള്ള മഴ എന്നിവ മൂലം രാജ്യത്തെ കര്‍ഷകര്‍ വിളനാശവും ഉല്പന്നവിലയിടിവും നേരിടുന്ന അവസരത്തിലാണ് കാര്‍ഷികക്ഷേമം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി പാതിവഴിയില്‍ നില്‍ക്കുന്നത്.
English Summary: ‘PM Kusum’ Solar Power Panel; Only 2.56 percent was achieved
You may also like this video
reejamurali70@gmail.com

