Site iconSite icon Janayugom Online

ക്ഷേമ പദ്ധതി വാഗ്ദാനങ്ങളെ പരിഹസിച്ച് വീണ്ടും നരേന്ദ്ര മോഡി

രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കാലത്ത് നല്കുന്ന ക്ഷേമ പദ്ധതി വാഗ്ദാനങ്ങളെ പരിഹസിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ‘റെവിഡി (മധുര സമ്മാന) സംസ്കാരം’ ശരാശരി നികുതിദായകനെ ദുഃഖിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി ആവാസ് യോജന‑ഗ്രാമീൺ പദ്ധതിയിൽ വീട് ലഭിച്ച 4.5 ലക്ഷം പേരുടെ ഗൃഹപ്രവേശന ചടങ്ങിൽ സംസാരിക്കവെയാണ് മോഡി ഇക്കാര്യം പറഞ്ഞത്. ‘ഇപ്പോൾ നാല് ലക്ഷം വീടുകൾ നൽകുമ്പോൾ രാജ്യത്തെ ഓരോ നികുതിദായകനും ചിന്തിക്കുന്നുണ്ടാവും, അവരെപ്പോലെ സൗജന്യം തങ്ങള്‍ക്കും ലഭിക്കും എന്ന്. അവരിൽ നിന്ന് ഈടാക്കുന്ന പണം ‘റെവിഡി‘കൾ വിതരണം ചെയ്യാൻ ഉപയോഗിക്കുന്നതില്‍ വേദനിക്കുകയും ചെയ്യും’ ‑പ്രധാനമന്ത്രി പറഞ്ഞു. നിരവധി നികുതിദായകർ രാജ്യത്തെ റെവിഡി സംസ്കാരത്തിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും മോഡി പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 16ന് യുപിയില്‍ നടന്ന ഒരു പരിപാടിയിലാണ് പ്രതിപക്ഷം വോട്ടിന് വേണ്ടി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപിച്ച് മോഡി ആദ്യമായി ‘റെവിഡി സംസ്കാരത്തെ’ കുറിച്ച് സംസാരിച്ചത്. കോർപറേറ്റ് സ്ഥാപനങ്ങൾക്കുള്ള വായ്പ എഴുതിത്തള്ളലുകളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടത്തുന്ന വാഗ്ദാനങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനത്തിന് ഈ പരാമർശം കാരണമായി.
‘പണപ്പെരുപ്പം മൂലം വിഷമിക്കുന്ന ആളുകൾക്ക് സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ചോദിച്ചു. ഇത്തരം കാര്യങ്ങളെ സൗജന്യ ‘റെവിഡി’ എന്ന് വിളിച്ച് സാധാരണക്കാരെ അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയക്കാർക്ക് എത്രയോ സൗകര്യങ്ങൾ സൗജന്യമായി ലഭിക്കുന്നു. സമ്പന്നരുടെ വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി. റെവിഡി എന്ന് വീണ്ടും വീണ്ടും വിളിക്കുന്നതിലൂടെ സാധാരണക്കാരെ അപമാനിക്കരുത്’ ആം ആദ്മി മേധാവി ട്വീറ്റിൽ പറഞ്ഞു. 

Eng­lish Sum­ma­ry: pm modi slams rev­di cul­ture for wel­fare schemes

You may like this video also

Exit mobile version