രാജവാഴ്ചയില്‍ നിന്നും ഫ്രാൻസ് മോചിക്കപ്പെട്ടതിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാരിസ് സന്ദര്‍ശനം. ആവിശക്തി കണ്ടുപിടിച്ച് 34 വർഷങ്ങൾക്ക് ശേഷം 1789 ജൂലൈ 14നായിരുന്നു ഫ്രാന്‍സിലെ രാജാധിപത്യ തകര്‍ച്ച അതിവേഗമായത്. ഫ്യൂഡലിസം തകരുകയും മുതലാളിത്തം ആധിപത്യം നേടുകയും ചെയ്തു. അധികാരത്തിൽ പങ്കാളിത്തമില്ലാത്തതിന്റെ കടുത്ത അതൃപ്തിയിലായിരുന്നു ബൂര്‍ഷ്വാസി. അധികാര ആധിപത്യം രാജപരമ്പരയ്ക്കൊപ്പമായിരുന്നു. തൊഴിലാളികളാകട്ടെ കടുത്ത അതൃപ്തിയിലും. ആഹാരത്തിന് വേതനത്തിന്റെ 90 ശതമാനവും വേണ്ടിയിരുന്നു. വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം അവര്‍ക്ക് അടുക്കാനാവാത്തത്രയും ആര്‍ഭാടമായിരുന്നു. കര്‍ഷകരാകട്ടെ ഫ്യൂഡൽ പ്രഭുക്കന്മാരുടെ അടിമകളായി ജീവിച്ചു. ചങ്ങലയിട്ട ജീവിതം കര്‍ഷകരെ രോഗികളാക്കി. എന്നാല്‍ നീരാവിശക്തി മാറ്റങ്ങള്‍ക്ക് വഴിയായി. വയലുകളിൽ നിന്ന് ഫാക്ടറികളിലേക്കുള്ള പരിവർത്തനത്തിന്റെ കാലത്തിന് തുടക്കമായി. ബാസ്റ്റിലിലെ കൊടുങ്കാറ്റ് പുതിയ അടയാളമായിരുന്നു. “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം” എന്ന ആശയങ്ങളെ അടിസ്ഥാനമാക്കി പുതിയൊരു റിപ്പബ്ലിക്കിന് അത് വഴിയൊരുക്കി.
നൂറ്റാണ്ടുകളായി ഘോഷിച്ചിരുന്ന ദിവ്യത്വമൊന്നും രാജാവിനും രാജ്ഞിക്കും ഇല്ലെന്ന് ജനം തിരിച്ചറിഞ്ഞു. ലൂയി പതിനാറാമനിലും മേരി ആന്റോനെറ്റിലും ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം തകര്‍ന്നു. ജനങ്ങളുടെ കഠിനമായ വിശപ്പിന് പരിഹാരവുമുണ്ടായില്ല. അത് കഠിനരോഷത്തിന് കാരണമായി; വലിയൊരു മാറ്റത്തിന് വഴിയായി. എരിതീയില്‍ എണ്ണപകര്‍ന്ന് 1789 മേയ് മാസത്തിൽ രാഷ്ട്രീയ അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. നവീന ചിന്തകളോടെ ഒരു ആധുനിക സമൂഹത്തിന്റെ അടയാളങ്ങൾ പതുക്കെ ഉയർന്നുവന്നു. പൗരാവകാശത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഭരണസംവിധാനത്തിനായി ജനം ഉണര്‍ന്നു. ജനാധിപത്യത്തിന്റെ ആശയങ്ങൾ രൂപപ്പെടുത്താൻ ഫ്രാൻസ് മാത്രമായിരുന്നില്ല, വികസിത ലോകം മുഴുവൻ കാത്തിരിക്കുകയായിരുന്നു. ജൂലൈ 14ന് പാരിസ് വളയാൻ രാജാവ് സൈന്യത്തിന് ഉത്തരവ് നല്‍കിയതായി കിംവദന്തി പരന്നു. പ്രതികരണം ശക്തവും കനത്തതുമായിരുന്നു. രാജകീയ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയുള്ള ജനരോഷം, ഫ്യൂഡലിസ പ്രതീകമായ ബാസ്റ്റില്‍ കൊട്ടാരത്തിലേക്ക് കടന്നു. ജനക്കൂട്ടം കൊട്ടാരം ആക്രമിച്ചു. കോട്ടയുടെ ഗവർണർ ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വധിക്കപ്പെട്ട ഗവര്‍ണറുടെ തല, ജനക്കൂട്ടം കുന്തത്തില്‍ കോര്‍ത്തു. ആളുകൾ തെരുവുകളിൽ ആര്‍ത്തു. തങ്ങളെ അടിച്ചമർത്തുന്നവരുടെമേൽ ജനത്തിന്റെ കോപാഗ്നി ആളിക്കത്തുകയായിരുന്നു.
ഇതുകൂടി വായിക്കൂ:സ്വേച്ഛാധിപത്യത്തിനെതിരെ ജനാധിപത്യ
1792 സെപ്റ്റംബറിൽ ഫ്രഞ്ച് റിപ്പബ്ലിക് പ്രഖ്യാപിച്ചു. 1793 ജനുവരി 21ന് ലൂയി പതിനാറാമനെ വിപ്ലവകാരികൾ വധിച്ചു. രാജവാഴ്ച അവസാനിച്ചു. ഫ്രഞ്ച് റിപ്പബ്ലിക് പൂര്‍ണമാക്കപ്പെട്ടു. വിപ്ലവത്തിന്റെ ഫലങ്ങൾ അതിശയകരമായിരുന്നു, പക്ഷേ അപ്രതീക്ഷിതമായിരുന്നില്ല. മാറ്റം ശാശ്വതമാണ്. ഫ്രാന്‍സില്‍ അത് നീരാവി ശക്തിയായിരുന്നു. മെല്ലെമെല്ലെ വ്യാവസായിക യുഗത്തിലേക്ക്, പുതിയ യന്ത്രങ്ങളുടെ കാലത്തേക്കുള്ള മാറ്റമായി. ജനാധിപത്യ സംവിധാനവും രൂപപ്പെട്ടു. ‘മനുഷ്യന്റെയും പൗരന്റെയും അവകാശങ്ങളുടെ പ്രഖ്യാപനം’. ചരിത്രത്തിലാദ്യമായി മനുഷ്യാവകാശങ്ങൾ അംഗീകരിക്കപ്പെട്ടു. അത് യഥാർത്ഥ വിമോചനത്തിനായുള്ള പോരാട്ടത്തെ പുതിയതലത്തിലേക്ക് കൊണ്ടുവന്നു. സാമൂഹികനീതിക്ക് വേണ്ടിയുള്ള സമരമായിരുന്നു അത്. പുതിയ മുദ്രാവാക്യങ്ങളും വ്യാഖ്യാനങ്ങളുമായി പ്രതിഷേധങ്ങള്‍ തുടരുകയാണ്. പെൻഷൻ സമരങ്ങൾ ഒരു ഉദാഹരണമാണ്. കൗമാര പ്രായക്കാരനെ പൊലീസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുളള കലാപവും തീവ്രമായിരുന്നു. ഒരിക്കൽ പുതിയ പ്രഭാതത്തിന്റെ സൂചന നൽകിയ, ബാസ്റ്റിലിനു ചുറ്റും രൂപപ്പെട്ട കൊടുങ്കാറ്റ്. അതിന്റെ പ്രഭാവം ഒടുങ്ങുന്നില്ല. ഫ്രാന്‍സിന്റെ ആഘോഷങ്ങളിൽ ഇന്ത്യയും പങ്കുചേർന്നു. ധനമൂലധനം ഭരിക്കുന്ന ഒരു പുതിയ യുഗത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ് ഇന്ത്യ. ‘സേവ, സുശാസൻ, ഗരീബ്കല്യൺ’ എന്ന മുദ്രാവാക്യം ഉയർത്തി ബിജെപി-ആർഎസ്എസ് ഭരണം വാർഷികാഘോഷങ്ങള്‍ക്ക് വേദിയൊരുക്കുകയാണ്.
2014ലും 2019ലും പൊതുതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച മോഡി ഭരണകൂടം ആർഎസ്എസ് സംഘ്പരിവാര്‍ ചിന്തകളും ആശയങ്ങളും രാജ്യത്ത് അടിച്ചേല്പിക്കുന്നു. ഭരണഘടനയുടെ തത്വങ്ങളും ആദർശങ്ങളും അധികാരത്തിലിരിക്കുന്ന, ധനമൂലധനത്തെ പിന്തുണയ്ക്കുന്ന ശക്തികൾക്ക് അന്യമാണ്. ബാസ്റ്റില്‍ കൊടുങ്കാറ്റ് മുതലാളിത്ത പ്രക്രിയയുടെ തുടക്കമായിരുന്നു. അതോടൊപ്പം കുത്തകവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യാവസായിക യുഗവും വന്നു. ഭരണഘടനാ തത്വങ്ങൾ നിരന്തരമായി ശിഥിലമാക്കുന്നതിലും ജനങ്ങളുടെ അഭിലാഷങ്ങൾക്കുമേൽ കുതിരകയറുന്നതിലും അവരുടെ ശബ്ദം ഇല്ലാതാക്കുന്നതിലും ഭരണകൂടം ഏർപ്പെട്ടിരിക്കുന്നു. അധ്വാനിക്കുന്ന ജനങ്ങളെയും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കണം. ഏകാധിപത്യ, ഭൂരിപക്ഷ രാഷ്ട്ര വ്യവസ്ഥയ്ക്കുള്ള ഭൂരിപക്ഷഭരണം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ജനാധിപത്യ വ്യവസ്ഥയെ തകർക്കാന്‍ നിയമവാഴ്ച ഇല്ലാതാകണം. കോർപറേറ്റ് മേഖലയെ സംബന്ധിച്ചിടത്തോളം, കേന്ദ്രത്തിന്റെ കൈകളിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കണം. എല്ലാ മധ്യകാല പിന്തിരിപ്പൻ ആശയങ്ങളും പ്രാവർത്തികമാക്കുകയും വേണം. സ്ത്രീകള്‍, പിന്നാക്ക ജാതിക്കാര്‍, ന്യൂനപക്ഷങ്ങള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ രണ്ടാംകിട പൗരന്മാരെന്ന് സംഘ്പരിവാര്‍ വിലയിരുത്തുന്നു. ഇവരെ വിഭജിക്കാന്‍, പൗരന്മാരെ പല ശ്രേണികളിലേക്ക് തിരിക്കാന്‍ ഭരണഘടന മാറ്റിമറിക്കണം. ഏകശിലാ ഭരണസംവിധാനത്തിലേക്ക് രാജ്യം മാറ്റിസ്ഥാപിക്കപ്പെടണം. ബാസ്റ്റില്‍ ആക്രമിച്ചതിനുശേഷം ഘോഷിച്ച ‘മനുഷ്യന്റെയും പൗരന്റെയും അവകാശ പ്രഖ്യാപന’ത്തിന് മോഡി ഭരണത്തിൽ അർത്ഥം നഷ്ടപ്പെട്ടു. കഴിഞ്ഞ ഒമ്പത് വർഷമായി മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുകയായിരുന്നു.