Site iconSite icon Janayugom Online

വികസന വാചകക്കസർത്തുമായി പ്രധാനമന്ത്രി: ആശയസംവാദമില്ലാതെ രാഷ്ട്രീയ പ്രസംഗം മാത്രം

modimodi

യുവാക്കൾക്കായി ഒന്നും പ്രഖ്യാപിക്കാതെ പതിവ് പ്രസംഗം ആവർത്തിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ബിജെപിയെ പിന്തുണച്ച ശക്തികൾ കേരളത്തിലും സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയായിരുന്നു പ്രസംഗത്തിൽ. വിവിധ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നിന്ന് ഉച്ചയോടെ തേവര എസ് എച്ച് കോളജ് മൈതാനത്തു എത്തിയ യുവതീ യുവാക്കൾക്കായി പുതിയ പദ്ധതികളോ പ്രചോദനം നൽകുന്ന വാക്കുകളോ പ്രധാനമന്ത്രിയിൽ നിന്നുണ്ടായില്ല. പദ്മ അവാർഡുകൾ നേടിയവരെ പ്രശംസിച്ച മോഡി ശങ്കരാചാര്യരെയും ശ്രീനാരായണ ഗുരുവിനെയും പ്രസംഗത്തിൽ പരാമർശിച്ചു.യുവാക്കളുമായി സംവാദം നടത്തുമെന്ന് പ്രചരിപ്പിച്ചു കൊണ്ടുവന്നിരുത്തിയവരെ നിരാശപ്പെടുത്തി മുഴുവൻ രാഷ്ട്രീയം കുത്തിനിറച്ച പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്.

സ്റ്റാർട്ടപ്പ് ഇന്ത്യ പോലുള്ള പദ്ധതികൾ യുവാക്കൾക്കായി പുതിയ അവസരങ്ങൾ തുറന്നിടുകയാണെന്നും ഈ അവസരം യുവാക്കൾ ഉപയോഗിക്കണമെന്നും പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യ ഏറ്റവും മികച്ച സമ്പദ്ഘടനയാണെന്ന് പറഞ്ഞു. വികസനപദ്ധതികൾ തൊഴിലവസരം വർധിപ്പിക്കുന്നുവെന്ന് പറഞ്ഞ മോഡി വിനോദസഞ്ചാര വികസനം വേഗത്തിലാവാൻ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വഴിവെയ്ക്കുമെന്നും പറഞ്ഞു. കേരളത്തിൽ ജി 20 സമ്മേളനങ്ങൾ നടന്നപ്പോൾ കേരളം പ്രൊഫഷണലിസം കാട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കളെ ലോകത്തെ മുഴുവൻ പരിചയപ്പെടുത്താനുള്ള ശ്രമമാണ് യുവം എന്ന പരിപാടിയെന്ന് മോഡി അവകാശപ്പെട്ടു.

കൊറോണ കാലത്തു സൗജന്യ റേഷൻ,സൗജന്യ വാക്സിൻ,ചികിത്സാസഹായം എന്നിവ നൽകിയ കാര്യം അനുസ്മരിച്ച മോഡി,മുദ്ര വായ്പ വിപ്ലവകരമായ മാറ്റം വരുത്തിയെന്ന് അവകാശപ്പെട്ടു. മത്സ്യബന്ധന മേഖലയിൽ 850 കോടി രൂപ തുറമുഖ വികസനത്തിനും മറ്റുമായി നൽകി. യുവാക്കളുടെ ഭാവി വച്ചാണ് കേരളത്തിലെ രണ്ട് മുന്നണികളും കളിക്കുന്നതെന്നും സങ്കുചിതമായ കാഴ്ചപ്പാടാണ് അവർക്കുള്ളതെന്നും മോഡി ആരോപിച്ചു. അടുത്തിടെ ബിജെപിയിൽ ചേർന്ന അനിൽ ആന്റണി, നടിമാരായ അപർണ ബാലമുരളി, നവ്യാ നായർ, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ, നടന്മാരായ ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു.
നേരത്തെ രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി വ്യവസായ മന്ത്രി പി രാജീവ്, കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തേവരയിൽ യിൽ നിന്ന് എസ് എച്ച് കോളജ് വരെ റോഡ് ഷോയും നടത്തി.

Eng­lish Sum­ma­ry: PM with devel­op­ment rhetoric: Just polit­i­cal speech with­out ide­o­log­i­cal debate

You may also like this video

Exit mobile version