Site icon Janayugom Online

ഇത് നെന്മണിക്കര മോഡല്‍, ശ്യാമയ്ക്കും സിനിക്കും പി എം യുവ യോജന പുരസ്‌കാരം

ശ്യാമ, സിനി നിധിന്‍

പി എം യുവയോജന പുരസ്‌ക്കാര നിറവില്‍ നെന്‍മണിക്കര ഗ്രാമപഞ്ചായത്ത്. കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നെന്മണിക്കര സി ഡി എസ് അംഗങ്ങളായ ശ്യാമ സുരേഷ്, സിനി നിധിന്‍ എന്നിവരാണ് സംരംഭക പുരസ്‌കാരം നേടി ജില്ലയുടെ അഭിമാനമായത്. ശ്യാമാ സുരേഷിന് ലക്ഷ്മി ജ്യൂട്ട് ബാഗ് എന്ന സംരംഭത്തിന് മികച്ച പുതിയ സംരംഭത്തിനുള്ള പുരസ്‌ക്കാരവും സിനി നിഥിന്‍ തന്റെ നവനീതം ബേക് ഹൗസ് എന്ന സംരംഭത്തിന് പ്രത്യേക ജൂറി പരാമര്‍ശവും നേടി.

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി യുവയോജന പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങില്‍ തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററാണ് മികച്ച സംരംഭകരെ പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ സംസ്ഥാന നിര്‍വഹണ ഏജന്‍സി കുടുംബശ്രീയാണ്.

എം ബി എ ബിരുദധാരിയായ ശ്യാമ പ്രൈവറ്റ് സ്‌കൂളിലെ അധ്യാപികയാണ്. തന്റെ കയ്യിലുള്ള 23,000 രൂപയും എസ് വി ഇ പി വിഹിതമായ 40,000 രൂപയും വിനിയോഗിച്ച് 2019 ലാണ് ശ്യാമ ജൂട്ട് കൊണ്ട് അതിമനോഹരമായ ബാഗുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. പിന്നീട് ആവശ്യക്കാര്‍ ഏറിയപ്പോള്‍ തുണി കൊണ്ടും ബാഗുകള്‍ നിര്‍മിച്ചു. 6 വ്യത്യസ്ത തരത്തില്‍ ഉണ്ടാക്കുന്ന ബാഗുകള്‍ക്ക് 50 രൂപ മുതല്‍ 400 രൂപ വരെയാണ് വില. സി ആര്‍ പി ഇ പി (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ ഫോര്‍ എന്റര്‍പ്രൈസ് പ്രൊമോഷന്‍) യുടെ മാര്‍ക്കറ്റിങ് പിന്തുണയും ശ്യാമക്കുണ്ട്. ഇപ്പോള്‍ 5 വനിതകള്‍ കൂടി ശ്യാമയുടെ യൂണിറ്റില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നുണ്ട്.

കുടുംബശ്രീ മേളകളിലും മറ്റ് വകുപ്പുകളുടെ കരകൗശലമേളകളിലും ശ്യാമയുടെ ജ്യൂട്ട് ബാഗുകള്‍ക്ക് സ്ഥാനമുണ്ട്. കണ്ണൂരില്‍ നടത്തിയ സരസ് മേളയിലും, തിരുവനന്തപുരം ഹരിത മിഷന്‍, എറണാകുളം ഫിഷറീസ് വകുപ്പ്, കാര്‍ഷിക മേളകളിലും ശ്യാമ പങ്കെടുത്തിട്ടുണ്ട്. കെ കെ രാമചന്ദ്രന്‍ എംഎല്‍ എ വീട്ടിലെത്തി ശ്യാമയെ അനുമോദിച്ചു. ഇതേ പഞ്ചായത്തിലെ സി ഡി എസ് അംഗമായ സിനി നിധിന് മികച്ച സ്‌കെയില്‍ അപ് സംരംഭത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് ലഭിച്ചത്.

സിനിയുടെ കേക്കുകള്‍

പുതു രുചികളില്‍ വ്യത്യസ്തമാര്‍ന്ന കേക്കുകളുമായി എത്തുന്ന നവനീതം ബേക്ക്സ് എന്ന സംരംഭത്തിനാണ് അംഗീകാരം. യാദൃശ്ചികമായി കണ്ട കൂട്ടുകാരിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആണ് ഹോം മെയ്ഡ് കേക്ക് എന്ന ആശയം സിനിയുടെ ഉള്ളിലെത്തിച്ചത്. സ്വന്തമായി വീട്ടില്‍ തന്നെ ഒരു കേക്ക് യൂണിറ്റ് എന്ന ആശയം പറഞ്ഞു നല്‍കിയതാകട്ടെ കുടുംബശ്രീയും. യൂണിറ്റിന് വേണ്ട ബാങ്ക് വായ്പ്പകളും മറ്റും പി എം യുവ യോജന പരിചയപ്പെടുത്തി. കൂടാതെ കൊടകര ബ്ലോക്ക് എസ് വി ഇ പി അംഗങ്ങളുടെയും നെന്മണിക്കര സി ഡി എസിന്റെ പിന്തുണ കൂടി
ആയപ്പോള്‍ നവനീതം ബേക്ക് ഹൗസ് പിറവിയെടുത്തു.

ഉപഭോക്താവിന്റെ താല്‍പര്യത്തിനനുസരിച്ച് അവര്‍ പറയുന്ന രൂപത്തിലും രുചിയിലും ആകൃതിയിലുമുള്ള കേക്കുകള്‍ ഒട്ടും മായം ചേര്‍ക്കാതെ വൃത്തിയോടെയും പുതുമയോടെയും ബേക്ക് ചെയ്ത് നല്‍കുന്നു. കേക്കുകള്‍ക്ക് പുറമേ പിസ, ബര്‍ഗര്‍, സാന്‍വിച്ച് തുടങ്ങിയവയും കൂടി ഉള്‍പ്പെടുത്തി നവനീതം ബേക്ക് ഹൗസ് യൂണിറ്റിനെ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സിനി.

eng­lish summary:This is the Nen­manikkara mod­el, the PM Yuva Yojana award for Shya­ma and Sin
You may also like this video

Exit mobile version