Site iconSite icon Janayugom Online

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: യുപിയില്‍ കര്‍ഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി സര്‍ക്കാര്‍

ഉത്തര്‍പ്രദേശില്‍ അന്തര്‍ദേശീയ വ്യാപാരമേള ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ പ്രതിഷേധം ഭയന്ന് കര്‍ഷക സംഘടനാ നേതാക്കളെ വീട്ടുതടങ്കലിലാക്കി യുപിയിലെ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. വ്യാപാരമേള ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിനരേന്ദ്രമോഡിയും യുപി മുഖ്യമന്ത്രി ആദിത്യനാഥും ഗ്രേയ്‌റ്റർ നോയിഡയിൽ എത്തുമ്പോള്‍ കലക്‌ട്രേറ്റിന്‌ മുന്നില്‍ പ്രതിഷേധിക്കാനായിരുന്നു കർഷകസംഘടനകളുടെ തീരുമാനം.

ഇ‍ൗ നീക്കം തടയാൻ വേണ്ടി യുപി പൊലീസ്‌ അഖിലേന്ത്യാ കിസാൻസഭ ജില്ലാപ്രസിഡന്റ്‌ രുപേഷ്‌വർമ, കിസാൻ ഏക്‌താ സംഘ്‌ ദേശീയപ്രസിഡന്റ്‌ സുരൻ പ്രധാൻ, ഭാരതീയ കിസാൻ പരിഷത്ത്‌ ദേശീയ പ്രസിഡന്റ്‌ സുഖ്‌ബീർ ഖലീഫ തുടങ്ങിയ നേതാക്കളെ പകൽ വീട്ടുതടങ്കലിലാക്കി.പുതിയ കാർഷികനിയമങ്ങൾ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുക, ഭൂമി ഏറ്റെടുക്കുമ്പോള്‍ അർഹിച്ച നഷ്ടപരിഹാരം അനുവദിക്കുക, 2024ലെ പ്രതിഷേധത്തിന്റെ പേരിൽ കർഷകർക്ക്‌ എതിരായ കേസുകൾ പിൻവലിക്കുക– തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ കർഷകർ കലക്‌ട്രേറ്റിന്‌ മുന്നിൽ മഹാപ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

Exit mobile version