Site iconSite icon Janayugom Online

പിഎന്‍ബി തട്ടിപ്പ്; മെഹുല്‍ ചോസ്കിയുടെ ഭാര്യക്കെതിരെ കുറ്റപത്രം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടിപ്പ് നടത്തിയ കേസില്‍ രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍‍ ചോസ്കിയുടെ ഭാര്യ പ്രീതിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് പ്രീതി ചോസ്കിയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 

ഇതേ കേസില്‍ കേന്ദ്ര ഏജന്‍സി സമര്‍പ്പിക്കുന്ന മൂന്നാമത്തെ കുറ്റപത്രമാണിത്. പ്രീതി പ്രദ്യോത്കുമാര്‍ കോത്താരിയുടെ പേരിലുള്ള ആദ്യ കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. പിഎന്‍ബിയുടെ റിട്ടയേര്‍ഡ് ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി വ്യാജ ധാരണാപത്രങ്ങള്‍ നിര്‍മിച്ചു നല്‍കിയതായും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.

കുറ്റകൃത്യങ്ങളിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും തട്ടിപ്പ് നടത്തുന്നതിനും ഭര്‍ത്താവിനെ പ്രീതി സഹായിച്ചു. കുറ്റകൃത്യത്തിനു പ്രേരണ നല്‍കിയത് പ്രീതിയാണെന്നും കുറ്റപത്രത്തില്‍ ഇഡി പറയുന്നു. മെഹുല്‍ ചോക്‌സിയുടെ 150 കോടി രൂപയുടെ ആസ്തികള്‍ ബിനാമി ഇടപാട് നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ആദ്യമായാണ് ആദായനികുതി വകുപ്പ് ബിനാമി നിയമപ്രകാരം ആസ്തികള്‍ ഏറ്റെടുക്കുന്നത്.

Eng­lish Summary:PNB fraud; Chargesheet against Mehul Chok­si’s wife
You may also like this video

Exit mobile version