Site iconSite icon Janayugom Online

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിന് ക്ഷണിച്ച സംഭവം; മാപ്പ് ചോദിച്ച് സംഘാടകർ

പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയ സംഭവത്തിൽ സംഘാടകർ മാപ്പ് ചോദിച്ചു. മുകേഷ് എം നായർ പോക്സോ കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് സംഘാടകരായ ജെ സി ഐ വ്യക്തമാക്കി.
ഖേദം പ്രകടിപ്പിച്ച് സ്കൂൾ അധികൃതർക്ക് സംഘാടകർ കത്തയച്ചു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും കത്തിൽ സംഘാടകർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് പോക്സോ കേസ് പ്രതിയായ മുകേഷ് എം നായർ പ്രവേശനോത്സവത്തിന് മുഖ്യാതിഥിയായി എത്തിയത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ വിശദീകരണം തേടിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകുകയും ചെയ്തു.

റീൽസ് ഷൂട്ടിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. കോവളം സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. 

Exit mobile version