Site iconSite icon Janayugom Online

ഭർത്താവിന്റെ അച്ഛനെതിരെ പോക്സോ കേസ്; പൊലീസ് അന്വേഷിച്ചില്ല, മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കി യുവതി

ഭർത്താവിന്റെ അച്ഛനെതിരെ നൽകിയ പോക്സോ പീഡന പരാതി പൊലീസ് അന്വേഷിച്ചില്ലെന്ന് ആരോപണവുമായി യുവതി. താന്‍ നൽകിയ പരാതിയില്‍ അന്വേഷണം നടന്നില്ലെന്ന് കാണിച്ച് യുവതി മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കി. മനുഷ്യാവകാശ കമ്മിഷൻ നേരിട്ട് പരാതിയിന്‍മേല്‍ അന്വേഷണം നടത്തും. ചേർത്തല അരൂക്കുറ്റി സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി. പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷിച്ചില്ലെന്ന അമ്മയുടെ ആരോപണം മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗമാണ് നേരിട്ട് അന്വേഷിക്കുകയെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി ഗീത വ്യക്തമാക്കി.പൊലീസ് പരാതിക്കാരിയുടേയോ കുട്ടിയുടേയോ മൊഴി എടുത്തിട്ടില്ലെന്നും കുട്ടിയെ യാതൊരു പരിശോധനക്കും വിധേയമാക്കിയിട്ടില്ലെന്നുമുള്ള അമ്മയുടെ പരാതി ഗൗരവതരമാണെന്ന് കമ്മിഷന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

പരാതിക്കാരി 2015ലാണ് വിവാഹിതയായത്.യുവതി ഭര്‍തൃവീട്ടില്‍ ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നു.2023 ഡിസംബർ 11 ന് ഭർത്താവിന്റെ പിതാവ് തന്നെ കയറിപിടിക്കാൻ ശ്രമിക്കുച്ചു. ഇതേ വ്യക്തി തന്റെ മകളെയും അപദ്രവിച്ചു. 2024 ജൂൺ 26 ന് മായിത്തറ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ചൈൽഡ് ലൈനിൽ നിന്നും ആ പരാതി റാഫർ ചെയ്തിരുന്നു. എന്നാൽ പരാതിയിന്മേല്‍ യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല പൊലീസ് പരാതിയില്‍ നിന്ന് പിന്‍മാറാനും നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതി വാസ്തവ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടിയെ വിട്ടു നല്‍കാതിരിക്കാനുള്ള അടവാണ് യുവതിയുടേതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

Exit mobile version