Site icon Janayugom Online

പോക്‌സോ കേസ്: അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. പോക്‌സോ കേസിൽ തിങ്കളാഴ്ച വരെ റോയി വയലാറ്റിനെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

പരാതിക്കാരിയുടെ വാദം കൂടി കേട്ടശേഷമേ പ്രതികളുടെ മുൻകൂർ ഹർജിയിൽ തീരുമാനമെടുക്കാവൂ എന്ന് പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചു. അതേസമയം തങ്ങൾക്ക് കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്ന് റോയ് വയലാറ്റ് അടക്കമുള്ള പ്രതികളും അറിയിച്ചു.

ഇതേത്തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം റോയി വയലാറ്റ് നിഷേധിച്ചു. കഴിഞ്ഞ മൂന്നുമാസമായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടുന്നുണ്ട്.

മാത്രമല്ല, മോഡലുകളുടെ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയും മാധ്യമങ്ങളെ കൂട്ടുപിടിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നുവെന്നും റോയി വയലാറ്റ് കോടതിയിൽ ആരോപിച്ചു.

ഫോർട്ട് കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും മറ്റൊരു സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ അഞ്ജലി റീമദേവും പ്രതികളാണ്.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് റോയിക്കും മറ്റുമെതിരെ പോക്‌സോ കേസെടുത്തത്. 2021 ഒക്ടോബറിൽ ഹോട്ടലിൽ വെച്ച് റോയി വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

eng­lish sum­ma­ry; Poc­so case: Police say defen­dant not coop­er­at­ing with investigation

you may also like this video;

Exit mobile version