പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശ്ശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛനുള്‍പ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
ഈ മാസം 16 ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കേയാണ് പീഡനത്തിരയായ പെണ്‍കുട്ടിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. കേസിനെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
ഇന്നലെ ഉച്ചയ്ക്കുശേഷം പ്രതിയായ ചെറിയച്ഛനും, പ്രതിയോടൊപ്പം നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കളും, അടുത്ത ബന്ധുക്കളും മുത്തശ്ശിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോയെന്നാണ് മുത്തശ്ശി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് തട്ടിക്കൊണ്ടുപോകല്‍ കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ചെറിയച്ഛനും ബന്ധുക്കളും ഉള്‍പ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായിട്ടില്ല.
കുട്ടി മാതാപിതാക്കളോടൊപ്പം ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചതാണ്. കേസില്‍ റിമാന്റിലായിരുന്ന ചെറിയച്ഛന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കേസിലെ വിചാരണയ്ക്ക് മുമ്പായി കുട്ടിയെ സ്വാധീനിക്കാനാകും കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
English summary; POCSO case, the victim was abducted by the accused Cheriyachan and his relatives
You may also like this video;