Site iconSite icon Janayugom Online

ജീവിക്കുന്നു നമ്മൾ

jivikkunnujivikkunnu

വലിയൊരു പാറക്കല്ലിൽ
എന്റെയും നിന്റെയും
പേരുകൾ
യാതൊരു ഉപാധികളും
ഇല്ലാതെ
കൊത്തിവെയ്ക്കുന്നു
നാം
രണ്ട് സമുദായങ്ങളിലുള്ളതിനാൽ
ചിലർ മാത്രം പ്രണയത്തിന്
ഉപാധികൾ കല്പിക്കുന്നു
സമുദായ തലക്കനത്തിന്റെ
പാറമടയിൽ ജോലി
ചെയ്തിരുന്നവർ വന്ന്
പേരെഴുതിയ പാറയുടെ
ഉടലും ശിരസ്സും
തല്ലിപ്പൊട്ടിക്കുന്നു
ചോര വാർന്നങ്ങനെ
മൃതമായ് നാം
ആ എഴുതിയ പ്രണയനാമങ്ങൾ
ഞങ്ങളുടെ ഉയിര് തന്നെയായിരുന്നു
വീടു പണിക്കായി തൊഴിലാളികൾ
ആ ശിലകൾ ചുമന്നു കൊണ്ടുപോയി
ചുമരായി മാറുന്നു നമ്മൾ
നാം അടുത്തടുത്ത്
സിമന്റിൽ ഉറച്ചു പോയി
ആ വീട്ടിലെ പെൺകുട്ടി
കരികൊണ്ട് ചുമരിൽ
അവളുടെയും കാമുകന്റെയും പേരെഴുതുന്നു
നമ്മെപ്പോലെ അവരും
രണ്ട് സമുദായക്കാർ
അവൾ
പേരെഴുതിയ ശേഷം
താഴെയായ്
സമുദായ നെറികേടിനെ
ആട്ടിത്തുപ്പുന്ന
രണ്ട് വരികൾ കൂടി കുറിക്കുന്നു
ആ വരികൾ
മരണപ്പെട്ട് ഭിത്തിയിലിരുന്ന
നമ്മളിലേക്ക്
ഉയിരിന്റെ മിന്നലായി
പടർന്നു കയറി
ആ പെൺകുട്ടിയാവട്ടെ,
നമ്മെപ്പോലുള്ളവർക്ക്
മുന്നോട്ടു പോകുവാൻ
ഒരു കൈത്തിരി
അതിൽ വിരിയട്ടെ
ഉപാധികളില്ലാത്ത
സ്നേഹത്തിന്റെ പുഞ്ചിരി.

Exit mobile version