വാക്കുകളെ താളാത്മകമായി നൃത്തം ചെയ്യിപ്പിക്കുകയാണ് ‘പ്രതിഷ്ഠ’ യിലൂടെ മാധവിക്കുട്ടി കെ വാരിയർ ചെയ്യുന്നത്. നൈസർഗ്ഗികമായി ലഭിച്ച കവിതാ വാസനയെ പരിപോഷിപ്പിക്കത്തക്കതായ വിദ്യാഭ്യാസമൊന്നും മാധവിക്കുട്ടി കെ വാരിയർക്ക് ലഭിച്ചിരുന്നില്ല; യശഃശരീരനായ പദ്മഭൂഷൺ ഡോ. പി കെ വാരിയരുടെ പത്നിയായി കോട്ടയ്ക്കലെത്തിയതിനു ശേഷമാണ് സംസ്കൃതപണ്ഡിതന്മാരായ ദേശമംഗലം ശങ്കുണ്ണി വാരിയർ, കടത്തനാട്ട് ശങ്കരവാരിയർ തുടങ്ങിയവരുടെ കീഴിലുള്ള സംസ്കൃത പഠനവും കവിതയോടുള്ള അളവുറ്റ ആത്മാർപ്പണവും കൊണ്ട് കാവ്യരചനയുടെ പുതിയ സങ്കേതങ്ങൾ മാധവിക്കുട്ടി കെ വാരിയർ കണ്ടെത്തിയത്. അതിലൂടെ എൻ വി കൃഷ്ണവാരിയർ, ബാലാമണിയമ്മ, അക്കിത്തം, സുഗതകുമാരി തുടങ്ങിയ സാഹിത്യകാരന്മാരുമായി കവിതയിലൂടെ സൗഹൃദം സൃഷ്ടിക്കാനും മാധവിക്കുട്ടി കെ വാരിയർക്ക് കഴിഞ്ഞു.
എഴുത്തച്ഛൻ, മേല്പുത്തൂർ, കവി കുലഗുരു പി വി കൃഷണ വാരിയർ, വള്ളത്തോൾ, ജി ശങ്കരക്കുറുപ്പ്, പി കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ എന്നിവരെ സ്മരിച്ചു കൊണ്ടും, കാവ്യദേവതയെ കീർത്തിച്ചുകൊണ്ടുമാണ് പ്രതിഷ്ഠയിലെ ആദ്യഭാഗം തുടങ്ങുന്നത്.
ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്തുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ചു വിഷമമേറിയതാണ്. സമൂഹത്തിൽ പലതിനോടും സമരസപ്പെട്ടുകൊണ്ടും, കലഹിച്ചു കൊണ്ടുമുള്ള സാഹചര്യങ്ങൾ ആവിഷ്കരിക്കുന്ന കവിതകളാണ് പതിനഞ്ചാം സ്വാതന്ത്ര്യദിനം, പഞ്ചവത്സര പദ്ധതി, ഇന്ത്യ — ചൈനാ യുദ്ധം, ജവഹർലാൽ നെഹ്റുവിന്റെ മരണം, ദേശീയോത്സവം എന്നീ കവിതകൾ.
“സ്വതന്ത്ര ഇന്ത്യപ്പെൺക്കുട്ടിക്കിതു
മൂവഞ്ചാണ്ടു തികഞ്ഞല്ലൊ
ഈ സുദിനത്തിൽ നിങ്ങൾക്കെല്ലാ
മല്പം പായസമേകീടാം”
‘പതിനഞ്ചാം സ്വാതന്ത്ര്യ ദിനം’ എന്ന കവിതയിലെ വരികളാണിവ. കവിയുടെ ദേശീയ സ്വാതന്ത്ര്യാവബോധം വ്യക്തമായി കുറിക്കുന്ന കവിതയാണിത്. കവിയ്ക്ക് ദേശീയത എന്നത് കേവലം വികാരമായി ഒതുങ്ങുന്നില്ലെന്ന് കാണാം.
കുടുംബവുമായുള്ള ഇഴയടുപ്പം വിഷയമാക്കുന്ന കവിതകളാണ് സ്വപനത്തിലും, സ്വർഗ്ഗം കാണാൻ, പുത്തനുടുപ്പ്, ഓർമ്മകൾ എന്നിവ. മകന്റെ കോളേജ് പഠനത്തിന്റെ ആദ്യഘട്ടത്തെ വ്യത്യസ്തതയാർന്ന രീതിയിലാണ് കവി കോളജിലേയ്ക്ക് എന്ന കവിതയിൽ കുറിച്ചിടുന്നത്.
മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയിലും തൂലികയുടെ സാന്നിധ്യം കാണാം. ആ തൂലികയ്ക്ക് മഷിപ്പാത്രമായി മാറുന്നത് ജീവിതത്തിന്റെ മൂർത്ത — അമൂർത്തഭാവങ്ങളും.
അധഃകൃതന്റെ/തൊഴിലാളിയുടെ പ്രതിഷേധ ശബ്ദമാണ് കന്നിനായ്ക്കൾ എന്ന കവിതയിലുള്ളത്. വൈലോപ്പിള്ളിയുടെ കുടിയൊഴിപ്പിക്കൽ എന്ന കവിതയോട് ചേർന്നു നിൽക്കുന്ന കവിത കൂടിയാണിത്. ‘സംസ്കാര സമ്പന്നരാണീ കോട്ടയ്ക്കൽക്കാർ നമ്മളെന്നും സംസ്കൃതരാം ജനതതി നീളെ വാഴട്ടെ” കോട്ടയ്ക്കലിന്റെ ഭൂമികയിലേയ്ക്കിറങ്ങി നിൽക്കുന്ന കവിതയാണ് സ്വാഗതഗാനം എന്ന കവിത.
കുഞ്ഞിന്റെ നിഷ്ക്കളങ്കതയുടെ ആവിഷ്കാരമാണ് പൂക്കളം, പൂവും ബാലനും എന്നീ കവിതകൾ.
ഗ്രാമപ്രദേശങ്ങളിൽ ഒരു കാലത്ത് നിലനിന്നിരുന്ന ചിലമ്പു കുലുക്കി ഉറഞ്ഞു തുള്ളുന്ന ഭഗവതി സങ്കല്പ മിത്താണ് കുറത്തിപ്പാട്ടായി മാറിയത്.
കാളിദാസനെഴുതിയ കുമാര സംഭവത്തിൽ തപസ്വിയായ ശിവനെ പരിചരിക്കാൻ പാർവതിയെത്തിയ സംഭവത്തെയാണ് അനുഗ്രഹം എന്ന കവിതയിലുള്ളത്.
പുരാണങ്ങൾ കവിയെ ഏറെ സ്വാധിനീച്ചിട്ടുണ്ട്. കുന്തി മാതാവുറങ്ങാത്ത രാത്രി എന്ന കവിതയിൽ കുന്തിയുടെയും, കർണ്ണന്റെയും മനോവ്യാപാരങ്ങളെ സ്പർശിക്കുന്ന കവിതയാണിത്.
ആത്മാർപ്പണവും, ആത്മരോഷവും മാറി മാറി പങ്കിടുന്നുണ്ട് ഈ കവിതകളിലൂടെ മാധവിക്കുട്ടി കെ വാരിയർ. 70 കവിതകളും കഥകളി സാഹിത്യത്തെക്കുറിച്ചുള്ള രണ്ട് ലേഖനങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇന്ന് എടുക്കാത്ത നാണയത്തുട്ടുകളായിക്കൊണ്ടിരിക്കുന്ന മാനവിക മൂല്യങ്ങളായ സ്നേഹം, കരുണ തുടങ്ങിയവയ്ക്കാണ് കവി പ്രാധാന്യം നൽകിയിരിക്കുന്നത്.
സമൂഹത്തിലെ നെറികേടുകൾക്കു നേരെ പ്രതികരിക്കുന്ന ഒരു മനസ്സും കവിയ്ക്കുണ്ട്. ”സ്നേഹാർദ്രമായ ഒരു മനസ്സിൽ നിന്നേ കനൽക്കട്ടകൾ എരിഞ്ഞു തുടങ്ങൂ ” എന്ന് ചൈനീസ് കവിയായ ലിയാങ് ചൂ പറയുന്നത് എത്ര സത്യമാണെന്ന് പ്രതിഷ്ഠയിലൂടെ കവി പറയുന്നു.
അവതാരിക എഴുതിയിട്ടുള്ളത് ഡോ. എം. ലീലാവതിയാണ്. ഡോ. എം ആർ രാഘവവാരിയരെഴുതിയ ‘പ്രതിഷ്ഠയുടെ ആവശ്യം, പ്രസക്തി’ എന്ന ലേഖനവും ഇതിലുണ്ട്.
പ്രതിഷ്ഠ (വിപുലീകരിച്ച പതിപ്പ്)
(കവിത)
മാധവിക്കുട്ടി കെ വാരിയർ
പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ്,
ആര്യവൈദ്യശാല, കോട്ടയ്ക്കൽ
വില: 310 രൂപ