നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ഫ്രഞ്ച് താരം പോള്‍ പോഗ്ബ ഇനി ഫ്രഞ്ച് ലീഗ് 1ല്‍ പന്തുതട്ടും. എഎസ് മോണോക്കോയുമായി പോഗ്ബ രണ്ട് വര്‍ഷത്തെ കരാറിലൊപ്പിട്ടു. നേരത്തെ താരം ഉത്തേജക മരുന്ന് വിലക്ക് നേരിട്ടിരുന്നു. ആദ്യം നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൽ (സിഎഎസ്) അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 18 മാസമായി വെട്ടിച്ചുരുക്കിയിരുന്നു. പിന്നാലെ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് പോഗ്ബയുമായുള്ള കരാര്‍ റദ്ദാക്കുകയും ചെയ്തു. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ജേതാക്കളാകുമ്പോള്‍ പോഗ്ബ ടീമിലെ നിര്‍ണായക താരമായിരുന്നു. 2022ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പോഗ്ബ യുവന്റസിലേക്ക് തിരിച്ചെത്തി. എന്നാല്‍ പരിക്കുകളെ തുടര്‍ന്ന് മിക്കപ്പോഴും താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നു.
പോഗ്ബ എഎസ് മൊണോക്കോയില്‍; കരാര്‍ രണ്ട് വര്‍ഷത്തേക്ക്

